പാമ്പാടി : പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ചു ഗര്‍ഭിണിയാക്കിയ സംഭവത്തില്‍ അമ്മയുടെ കാമുകന്‍ അറസ്റ്റില്‍. മുണ്ടക്കയം ഏന്തയാര്‍ മണല്‍പാറയില്‍ അരുണിനെ (29) ആണ് കാഞ്ഞിരപ്പള്ളി ഡി.വൈ.എസ്.പി. കെ.എല്‍.സജിമോന്റെ നേതൃത്വത്തില്‍ അറസ്റ്റുചെയ്തത്. രക്തസ്രാവത്തെത്തുടര്‍ന്ന് പെണ്‍കുട്ടിയെ പാമ്പാടി താലൂക്ക് ആശുപത്രിയിലെത്തിച്ചപ്പോഴാണ് പീഡനവിവരം പുറത്തായത്. കുട്ടി അഞ്ചുമാസം ഗര്‍ഭിണിയായിരുന്നു. ഗുരുതരാവസ്ഥയിലായതിനെ തുടര്‍ന്ന് കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും ചികിത്സയിലിരിക്കെ ഗര്‍ഭസ്ഥശിശു മരിച്ചു.
കരകൗശലവസ്തുക്കള്‍ വില്‍ക്കാന്‍പോയ തന്നെ സാധനം വാങ്ങാനെന്ന പേരില്‍ മദ്ധ്യവയസ്കനായ ആള്‍ കാറില്‍ കയറ്റിക്കൊണ്ടുപോയി മയക്കുമരുന്ന് നല്‍കി പീഡിപ്പിച്ചെന്നും പ്രതിയെ തിരിച്ചറിയില്ലെന്നുമാണ് പെണ്‍കുട്ടി നേരത്തേ പോലീസിന് മൊഴി നല്‍കിയിരുന്നത്. ഈ കഥ അന്വേഷണസംഘം പൂര്‍ണമായും വിശ്വസിച്ചിരുന്നില്ല.
ഗര്‍ഭസ്ഥ ശിശുവിന്റേതടക്കം ഡി.എന്‍.എ. സാമ്പിളുകള്‍ ശേഖരിച്ച് അന്വേഷണം ആരംഭിച്ച പോലീസിന് തുടക്കത്തില്‍തന്നെ അമ്മയുടെ കാമുകനെകുറിച്ച് വിവരം ലഭിച്ചു. ഇതോടെ ഇയാളെ പോലീസ് നിരീക്ഷണത്തിലാക്കി പിന്തുടര്‍ന്നു വരുകയായിരുന്നു. ചൈല്‍ഡ് ലൈനിന്റെ സഹായത്തോടെ പെണ്‍കുട്ടിയില്‍നിന്ന് വീണ്ടും വിവരങ്ങള്‍ ശേഖരിച്ച പോലീസ് കാമുകനെ വിളിച്ചുവരുത്തി നടത്തിയ ചോദ്യം ചെയ്യലില്‍ ഇയാള്‍ കുറ്റം സമ്മതിക്കുകയായിരുന്നു.