കൊച്ചി : വിദേശത്തെ ആശുപത്രികളിൽ കോവിഡ് സന്നദ്ധ പ്രവർത്തകരായി ജോലി നൽകാമെന്ന് വാഗ്ദാനം ചെയ്ത് നഴ്സുമാരിൽനിന്ന് പണം തട്ടിയ റിക്രൂട്ട്മെന്റ് സ്ഥാപന ഉടമ അറസ്റ്റിൽ. കൊച്ചിയിലെ ബ്രില്ല്യന്റോ എച്ച്.ആർ മാനേജ്മെന്റ് സ്ഥാപന ഉടമയും തിരുവനന്തപുരം പറക്കോട് സ്വദേശിയുമായ താജുദ്ദീൻ (വിനോദ് 49) ആണ് പിടിയിലായത്.
എറണാകുളം വാരിയം റോഡിലെ അമ്പാടി അപ്പാർട്ട്മെന്റിലെ സ്ഥാപനത്തിൽ നടത്തിയ റെയ്ഡിൽ 35 ഓളം പാസ്പോർട്ടുകളും രേഖകളും പിടിച്ചെടുത്തു. ലൈസൻസ് ഇല്ലാതെയാണ് സ്ഥാപനം പ്രവർത്തിച്ചിരുന്നതെന്ന് പോലീസ് പറഞ്ഞു. യൂറോപ്യൻ രാജ്യങ്ങളിലെ ആശുപത്രികളിൽ ജോലി വാഗ്ദാനം ചെയ്ത് ലക്ഷങ്ങൾ തട്ടിയെടുക്കുകയായിരുന്നു. തട്ടിപ്പിനിരയായ ഉദ്യോഗാർത്ഥികൾ കൊച്ചി സിറ്റി പോലീസ് കമ്മിഷണർക്ക് നൽകിയ പരാതിയിലാണ് നടപടി.
ഒ.എൽ.എക്സ്. വഴി പരസ്യം നൽകിയാണ് ഇയാൾ ഉദ്യോഗാർത്ഥികളെ വലയിൽ വീഴ്ത്തിയത്. ഇംഗ്ലണ്ടിലെ ജോലിക്കായി 75,000 രൂപയും നെതർലൻഡ്സിലെ ജോലിക്കായി മൂന്നു ലക്ഷം രൂപയുമാണ് ഫീസായി ആവശ്യപ്പെട്ടിരുന്നത്. ഇതിന്റെ ആദ്യ ഗഡുവായി 20,000 രൂപയും പാസ്പോർട്ടും രേഖകളും ഉദ്യോഗാർത്ഥികളിൽനിന്ന് കൈക്കലാക്കി. എന്നാൽ യാത്രാവിവരങ്ങളൊന്നും ഇയാൾ നൽകിയില്ല.
കാത്തിരിപ്പ് നീണ്ടതോടെ തട്ടിപ്പ് തിരിച്ചറിഞ്ഞ ഉദ്യോഗാർത്ഥികൾ പരാതി നൽകുകയായിരുന്നു. തുടർന്ന് പ്രതിയുടെ നീക്കങ്ങളും സ്ഥാപനത്തിന്റെ പ്രവർത്തനവും എറണാകുളം സെൻട്രൽ എ.സി.പി. കെ ലാൽജിയുടെ നേതൃത്വത്തിൽ നിരീക്ഷിച്ചു വരികയായിരുന്നു. ചൊവ്വാഴ്ച രാവിലെ എ.സി.പി യുടെ നേതൃത്വത്തിൽ നടത്തിയ റെയ്ഡിൽ രേഖകളടക്കം പിടിച്ചെടുക്കുകയും സ്ഥാപനത്തിന് ലൈസൻസില്ലെന്ന് കണ്ടെത്തുകയും ചെയ്തു. വൈകാതെ പ്രതിയെ അറസ്റ്റും ചെയ്തു.
സ്ഥാപനത്തിലെ ജീവനക്കാരിൽനിന്ന് മൊഴി രേഖപ്പെടുത്തി. താജുദ്ദീന്റെ ഇപ്പോഴത്തെ വീട് ചെന്നൈയിലാണ്. പാൻകാർഡിൽ വിജയകുമാർ എന്നാണ് പേര്. ആധാറിൽ ദിലീപെന്നും താമസം ഡൽഹിയിലെന്നുമാണ്. കൊച്ചിയിലെ വീട് വാടകയ്ക്ക് എടുത്തിട്ടുള്ളത് കൊല്ലം സ്വദേശിയുടെ പേരിലാണ്. വിവിധ പേരുകളിൽ അറിയപ്പെടുന്ന ഇയാളുടെ തട്ടിപ്പിൽ കൂടുതൽ പേർ ഉൾപ്പെട്ടിട്ടുണ്ടോയെന്ന് അന്വേഷിച്ചു വരികയാണെന്ന് എ.സി.പി ലാൽജി പറഞ്ഞു.