റാന്നി: തോട്ടമൺകാവ് ക്ഷേത്രത്തില്‍ നിന്നും ശബരിമലയിലേക്കുള്ള പഞ്ചവർണ്ണ പൊടികൾ കളമെഴുത്തിനായി കൈമാറി. ശബരിമല മകരവിളക്ക് ഉത്സവ അടിയന്തിരങ്ങളുമായി ബന്ധപ്പെട്ട് നടക്കുന്ന പ്രധാനപ്പെട്ട ചടങ്ങായ മണിമണ്ഡപത്തിലെ കളമെഴുത്തും പാട്ടിനുള്ള പഞ്ചവർണ്ണ പൊടികൾ റാന്നി തോട്ടമൺകാവ് ഭഗവതി ദേവസ്വം പ്രസിഡന്റ് ജി ഹരികുമാറും, കളമെഴുത്ത് കലാകാരൻ തൃക്കാരിയൂർ മനോജും ചേർന്ന് പന്തളം രാജകൊട്ടാരം നിർവ്വാഹസമിതി സെക്രട്ടറി സുരേഷ് വർമ്മ തമ്പുരാന് നൽകി. പാരമ്പര്യമായി തോട്ടമൺകാവിൽ നിന്നുമാണ് ശബരിമലയിലേക്ക് പഞ്ചവർണ്ണ പൊടികളും അനുബന്ധ സാധനങ്ങളും നൽകി വരുന്നത്.
വാക പൊടി, ഉമിക്കരി, അരിപ്പൊടി, മഞ്ഞൾ പൊടി, കുങ്കുമം എന്നിവയാണ് പഞ്ചവർണ്ണ പൊടികൾ, പന്തളം കൊട്ടാരത്തിന്റെ വകയായി ശബരിമല മകരവിളക് ഉത്സവത്തിന് നടത്തുന്ന കളമെഴുത്തിന് വേണ്ടിയാണ് പന്തളം വലിയ തമ്പുരാട്ടി റാന്നി കുന്നക്കാട്ട് കുറുപ്പൻമാർക്ക് പഞ്ചവർണ്ണ പൊടികൾ കൊടുത്തുവിടുന്നത്.
തോട്ടമൺകാവിൽ നിന്നും ഏറ്റുവാങ്ങിയ പഞ്ചവർണ്ണ പൊടികൾ പന്തളം കൊട്ടാരത്തിൽ തിരുവാഭരണ മാളികയിൽ വെക്കും. പിന്നീട് ദേവചൈതന്യത്തോടെ പൊടികള്‍ കുന്നക്കാട്ട് കുറുപ്പൻമാർക്ക് വലിയതമ്പുരാട്ടി കൈമാറും. ശബരിമലയിലെ പ്രധാനപ്പെട്ട ഉത്സവമായ മകരവിളക്കിനോട് അനുബന്ധിച്ച് മാളികപ്പുറത്ത് മണിമണ്ഡപത്തിൽ ഭഗവാന്റെ അഞ്ച് വ്യത്യസ്ത കളങ്ങൾ വരച്ചാണ് പൂജ നടത്തുന്നത്. ക്ഷേത്രം മേൽശാന്തി അജിത് കുമാർ പോറ്റി, കീഴ്ശാന്തി ജിഷ്ണു, ശബരിമല കളമെഴുത്ത് കർമ്മി രതീഷ് കുറുപ്പ്, ട്രഷറർ ദീപ വർമ്മ, ദേവസ്വം സെക്രട്ടറി ബാലചന്ദ്രൻ നായർ, വൈസ് പ്രസിഡന്റ് അഡ്വ. ഷൈൻ ജി കുറുപ്പ്, ഖജാൻജി ഗോപിനാഥൻ പിളള, രാജീവ്, രവി കുന്നക്കാട്ട് തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു.