പന്തളം : തൃശ്ശൂർ പെരുവനം ചിറയ്ക്കാക്കോട്ട് എളങ്ങല്ലൂർ മനയിൽ നടക്കുന്ന സോമയാഗത്തിൽ പങ്കെടുക്കുവാൻ പന്തളത്തുനിന്നുള്ള ബാലന്മാർ. പന്തളം കുരമ്പാല മുളയ്ക്കൽ വടക്കേ ഇല്ലത്ത് ശ്രീജിത്ത് നമ്പൂതിരിയുടേയും ജയലക്ഷ്മി അന്തർജനത്തിന്റെയും ഇരട്ടക്കുട്ടികളായ വിഷ്ണുനാരായണൻ നമ്പൂതിരിയും വിഷ്ണുദേവൻ നമ്പൂതിരിയുമാണ് യാഗത്തിൽ പ്രധാന ചുമതലക്കാരായി പങ്കെടുക്കുന്നത്. ഇവർക്കൊപ്പം ആറ്റിങ്ങൽ കല്ലൂർ മഠത്തിൽ ഹരി ഭട്ടതിരിയുടെയും ഉമാദേവി അന്തർജനത്തിന്റെയും മകൻ കാളിദാസൻ ഭട്ടതിരിയും സോമയാഗത്തിൽ പങ്കെടുക്കുന്നുണ്ട്.
കോട്ടയം കുറിച്ചിത്താനത്ത് ഗുരുവായൂർ മുൻ മേൽശാന്തി ഡോ. തോട്ടം ശിവകരൻ നമ്പൂതിരിയുടെ തോട്ടം സാമവേദ പാഠശാലയിലെ വിദ്യാർഥികളാണ് മൂവരും. കുറിച്ചിത്താനം ശ്രീകൃഷ്ണ വൊക്കേഷണൽ ഹയർസെക്കൻഡറി സ്‌കൂളിലെ പത്താംക്ലാസ് വിദ്യാർഥികളാണ് വിഷ്ണുനാരായണനും വിഷ്ണുദേവനും. ഇതേ സ്‌കൂളിലെ എട്ടാംക്ലാസ് വിദ്യാർഥിയാണ് കാളിദാസൻ. യാഗത്തിലെ സോമവേദത്തിന്റെ ചുമതലയുള്ളയാളാണ് ഡോ. തോട്ടം ശിവകരൻ നമ്പൂതിരി. തിങ്കളാഴ്ച തുടങ്ങിയ അഗ്ന്യാധാനം സോമയാഗം മേയ് നാലിന് സമാപിക്കും.