പന്തളം : കെ.എസ്.ആർ.ടി.സി. ബസ്‌സ്റ്റാൻഡിന് സമീപത്തേക്ക് നഗരസഭാ ബസ്‌സ്റ്റാൻഡ് മാറ്റുന്നതിനുള്ള അടുത്ത കടമ്പ മോട്ടോർ വാഹനവകുപ്പിന്റെ പരിശോധന. പുതുവർഷ സമ്മാനമായി പന്തളം നിവാസികൾക്ക് 2024 ജനുവരി ഒന്നിന് നഗരസഭാ ബസ്‌സ്റ്റാൻഡ് നൽകുമെന്നായിരുന്നു നഗരസഭാ അധികാരികാരികളുടെ വാക്ക്. ഒരുവർഷം കഴിഞ്ഞിട്ടും നടപ്പിലായില്ല. സമയബന്ധിതമായി പണി പൂർത്തിയാക്കാൻ കഴിയാത്തതിനാലാണ് സ്റ്റാൻഡ് മാറ്റത്തിനുള്ള അനുമതി ലഭിക്കാതിരുന്നത്. ശൗചാലയവും കാത്തിരുപ്പുകേന്ദ്രവും പണി പൂർത്തിയായപ്പോഴേക്കും തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടമായി. പിന്നീട് ഓണത്തിന് ഇവിടം കാർണിവൽ നടത്താനായി വാടകയ്ക്കും നൽകി.
സ്റ്റാൻഡ് മാറ്റുന്നതിന് മുന്നോടിയായി ഉണ്ടായിരുന്ന മത്സ്യ സ്റ്റാളുകളിൽ 12 മുറികൾ കാത്തിരിപ്പ് കേന്ദ്രമാക്കിയിട്ടുണ്ട്. ഇവിടെ ഇരിപ്പിടങ്ങളും പണിതു. ഇവിടെയുള്ള നാല് മുറികൾ കടമുറികളാക്കും ഇതിന്റെ എതിർഭാഗത്തുള്ള പഴയകെട്ടിടം മേൽക്കൂര സ്ഥാപിച്ച് 10 കടമുറികളാക്കും ഇവിടെ ഉയരവിളക്കും സ്ഥാപിച്ചിട്ടുണ്ട്. കെ.എസ്.ആർ.ടി.സി. സ്റ്റാൻഡിന്റെ ഭാഗമായിരുന്ന ശൗചാലയം അതിർത്തി നിർണയിച്ചപ്പോൾ നഗരസഭയുടെ സ്ഥലത്തായിരുന്നു. ഇത് വൃത്തിയാക്കി, പണം കൊടുത്തുപയോഗിക്കുന്ന ശൗചാലയമാക്കി മാറ്റി. കരാറും നൽകി. സ്റ്റാൻഡിലേക്ക് പ്രവേശിക്കുന്ന വഴികളും മൈതാനവും കോൺക്രീറ്റ് ചെയ്തിട്ടുണ്ട്.