പന്തളം : സമഗ്ര വികസനം മുന്നിൽക്കണ്ട് തയ്യാറാക്കുന്ന പന്തളം മാസ്റ്റർ പ്ലാനിൽ ജനങ്ങൾക്കുള്ള ആക്ഷേപങ്ങൾ കേൾക്കുന്നത് അടുത്ത ആഴ്ചകൊണ്ട് പൂർത്തിയാക്കാൻ നഗരസഭ ശ്രമം തുടങ്ങി. പന്തളത്ത് കോവിഡ് വ്യാപിച്ച സാഹചര്യത്തിൽ ഹിയറിങ് നടത്താൻ തടസ്സം നേരിട്ടിരിക്കുകയാണ്.
നഗരസഭയിലെ ആറ് ജീവനക്കാർക്ക് കോവിഡ് പോസിറ്റീവായതോടെ നഗരസഭാ ഓഫീസും അടച്ചിടേണ്ടി വന്നു. ഹിയറിങ് പൂർത്തിയാക്കേണ്ട സമയം നീട്ടിക്കിട്ടാനായി നഗരസഭാ സെക്രട്ടറി ഗവൺമെൻറിന് കത്ത് നൽകിയിട്ടുണ്ട്. നഗരസഭാ ഓഫീസിൽ തിരക്ക് ഒഴിവാക്കാനായി സമീപത്തുള്ള സ്കൂളിൽ വെച്ച് ഹിയറിങ് നടത്താനാണ് നീക്കം. ജനങ്ങളുടെ പരാതി തരംതിരിച്ച് തയ്യാറാക്കി വെച്ചിരിക്കുകയാണ്. ടൗൺ പ്ലാനിങ് ഉദ്യോഗസ്ഥരുടെ സാന്നിധ്യത്തിലാണ് ഹിയറിങ് നടത്തുന്നത്.