പന്തളം : പന്തളം വലിയപാലത്തിലൂടെ യാത്രചെയ്യുന്നവർ ജീവൻ പണയം വെയ്ക്കണം എന്നതാണ് സ്ഥിതി. ഒരു വശത്ത് മുളങ്കാട് വളർന്ന് പാലത്തിലേക്ക് നിൽക്കുമ്പോൾ മറുഭാഗത്ത് നടന്നുപോകേണ്ട സ്ഥലത്ത് പൈപ്പും മഴവെള്ളവും കാൽനടയാത്രക്കാരെ വലയ്ക്കുന്നു. സുരക്ഷാ ഇടനാഴിയുടെ പണിയിൽ കൈവരികൾ മാറ്റിയും തൂണുകളിൽ സിമന്റ് പൂശിയും മുഖംമിനുക്കിയതല്ലാതെ പാലത്തിന്റെ സുരക്ഷയ്ക്കായുള്ള പണികൾ ഇനിയും ബാക്കിയാണ്. പാലത്തിലേക്ക് വളർന്നുനിൽക്കുന്ന മുളങ്കാടും നടന്നുപോകാനുള്ള സ്ഥലത്ത് കേബിളുകൾ കടത്തിവിടാൻ ഇട്ടിരിക്കുന്ന പൈപ്പും മഴക്കാലത്ത് കെട്ടിക്കിടക്കുന്ന വെള്ളവും കാൽനടയാത്രക്കാരെ അപകടത്തിലാക്കും.
പണി പൂർത്തിയായി ഉദ്ഘാടനവും കഴിഞ്ഞതിനുശേഷം പന്തളം വലിയപാലത്തിലേക്ക് അധികാരികൾ എത്തിനോക്കിയത് സുരക്ഷാ ഇടനാഴി പദ്ധതിവന്നതോടെയാണ്. തൂണുകൾ ബലപ്പെടുത്തിയതല്ലാതെ ഇതിൽ കിളിർത്ത് പാലത്തിനു മുകളിലേക്ക് വളർന്നുവരുന്ന ആൽമരം വെട്ടിമാറ്റാനോ താഴെനിന്നും വളർന്ന് പാലവും കടന്ന് മുകളിലേക്ക് പോകുന്നതും വാഹനത്തിലേക്ക് അടിക്കുന്നതുമായ മുളച്ചില്ലകൾ മുറിച്ചുമാറ്റാനോ പദ്ധതിയില്ലായിരുന്നു. പാലത്തിലെ ഇപ്പോഴത്തെ വലിയ പ്രശ്‌നം പാലത്തിലേക്ക് വളർന്നുനിൽക്കുന്ന മുളങ്കാടാണ്. അരികുചേർന്ന് പോകുന്ന ബസിലെ യാത്രക്കാരുടെ മുഖത്താണ് മുളയുടെ ചില്ലകൾ തട്ടുന്നത്.