പന്തളം : അച്ചൻകോവിലാറിന്റെ തീരത്ത് പന്തളം മഹാദേവർക്ഷേത്രത്തിന് മുൻവശത്ത് വർഷങ്ങൾക്കുമുമ്പ് പണിത പുലിമുട്ട് പുനർ നിർമിക്കാൻ പദ്ധതിയായി. നഗരസഭയുടെ പദ്ധതിയിൽ 13 ലക്ഷം രൂപയാണ് ഇതിന് ചെലവഴിക്കുന്നത്. ടെൻഡർ നടപടികൾക്ക് മുന്നോടിയായി നഗരസഭാ അധ്യക്ഷ സുശീല സന്തോഷ്, സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ബെന്നി മാത്യു, എ.ഇ. എന്നിവർ സ്ഥലം സന്ദർശിച്ചു. മഹാദേവ ഹിന്ദുസേവാ സമിതി പ്രസിഡന്റ് എം.ജി.ബിജുകുമാർ, വൈസ് പ്രസിഡൻറ് വിജയകുമാർ മഞ്ചാടി, പ്രാദേശികസഭാംഗം ജ്യോതികുമാർ എന്നിവർ പുലിമുട്ടിന്റെ തകർച്ചയെപ്പറ്റി വിശദീകരിച്ചു.
വയറപ്പുഴ്കടവു കഴിഞ്ഞാൽ പുഴയുടെ വലിയ വളവാണ് ക്ഷേത്രത്തിനു മുൻവശത്തുള്ളത്. ഇവിടെയുള്ള കുത്തൊഴുക്ക് തടയാനാണ് പുഴയുടെ പകുതി ഭാഗംവരെയെത്തുന്ന കരിങ്കൽഭിത്തി പണിതത്. ശക്തമായ ഒഴുക്കുവന്നാലും അത് പുലിമുട്ടിൽ തട്ടി ശക്തികുറഞ്ഞ് ഒഴുകിപ്പോകും. ഇതിന്റെ ഇരുവശത്തുമുള്ള കടവുകളിൽ കുളിക്കാനും ഈ ഭിത്തി സുരക്ഷിതത്വം നൽകുന്നുണ്ട്. പുഴയുടെ മറുകരയിൽ രൂപപ്പെട്ടിട്ടുള്ള മൺതിട്ട കാരണം ഒഴുക്കിന്റെ ശക്തി ക്ഷേത്രം നിൽക്കുന്ന കരയിലാണ് തട്ടുന്നത്. 2018-ലെയും തുടർന്നുമുണ്ടായ വെള്ളപ്പൊക്കത്തിലാണ് കുത്തൊഴുക്കിന്റെ ഭീകരത അറിയാൻ കഴിഞ്ഞത്. കടത്തുവള്ളമുള്ള വയറപ്പുഴക്കടവിന് മുകൾഭാഗത്തും ക്ഷേത്രം ഊട്ടുപുരയ്ക്ക് താഴ്ഭാഗത്തും തീരവും മുളയും തേക്കുമരങ്ങളും വെള്ളത്തിലേക്കിടിഞ്ഞ് നഷ്ടമായിരുന്നു. തുടർന്ന് പുലിമുട്ടും കരിങ്കൽക്കെട്ടും തകർന്നത് ബലപ്പെടുത്തുന്നതിനായി മഹാദേവ ഹിന്ദുസേവാസമിതി അപേക്ഷ നൽകിയിരുന്നു.