ചെങ്ങന്നൂർ: പണ്ടാനാട് പഞ്ചായത്തിന്റെ വിവിധ ഭാഗങ്ങളിൽ കഞ്ചാവ് മാഫിയ പിടിമുറുക്കുന്നു. മൂന്നാം വാർഡായ മാടവന ഭാഗം, തിക്കേക്കാട് കലുങ്ക്, രണ്ടാം വാർഡ് അട്ടക്കുഴി പാടശേഖരത്തിനു സമീപം, പതിനൊന്നാം വാർഡ് – പഞ്ചായത്ത് കടത്തായ പോക്കാട്ട് കടവ്, പറമ്പത്തൂർപ്പടി, എന്നീ ഭാഗങ്ങളിൽ ആണ് കഞ്ചാവ് മാഫിയ തങ്ങളുടെ വിഹാരകേന്ദ്രമാക്കിയിരിക്കുന്നത്.
തിരുവൻവണ്ടൂർ പഞ്ചായത്തിന്റെ 12-ാം വാർഡും പാണ്ടനാടിന്റെ മൂന്നാം വാർഡും അതിർത്തി പങ്കുവെയ്ക്കുന്ന മാടവന ജംഗ്ഷനിൽ അകത്തേക്കു മാറിയുള്ള കലിങ്കിനു സമീപം കഴിഞ്ഞ രാത്രികളിൽ കഞ്ചാവ് മാഫിയായുടെ ആക്രമണ ശ്രമം നടന്നതായി നാട്ടുകാർ പറഞ്ഞു. ഈ പ്രദേശം കുറച്ച് വിജനമാണ്. ഇതു വഴി പ്രയാർ കുത്തിയതോട് റോഡിലേയ്ക്ക് പോയ
ബൈക്കുയാത്രികരുടെ കണ്ണിൽ പൂഴിമണ്ണ് വിതറിയ ശേഷമാണ് അക്രമത്തിന് മുതിർന്നത്. ഇവർ ബഹളം കൂട്ടി സമീപവാസികൾ ഓടിക്കൂടിയ സമയം അക്രമികൾ ബൈക്കിൽ രക്ഷപെടുകയായിരുന്നു. തിക്കേക്കാട് ഭാഗത്തെ കലുങ്കിനു സമീപം, അട്ടക്കുഴി പാടത്തെ രണ്ടാം കലിങ്കിനു സമീപവും (രണ്ടാം വാർഡ്) സന്ധ്യ കഴിഞ്ഞാൽ വഴിയാത്രക്കാർ ഭയത്തോടു കൂടിയാണ് ഈ വഴി യാത്ര പോകുന്നത്. സന്ധ്യ കഴിഞ്ഞാൽ സമീപമുള്ള ഷാപ്പിൽ നിന്നുമെത്തുന്ന മദ്യപൻമാരുടെയും ആഭാസൻമാരുടെയും വിഹാരകേന്ദ്രമായി മാറുകയാണ് ഇവിടം.
പ്രയാർ, പാണ്ടനാട് വടക്ക് ഭാഗത്തു നിന്നും തിരുവൻവണ്ടുർ ഭാഗങ്ങളിൽ വന്നു പോകുന്നവർ നിരവധിയാണ്. ഇതിൽ ബൈക്കുകളിലും സൈക്കിളിലും പോകുന്നവരാണ് ഏറെപ്പേരും, കലുങ്കിനു സമീപമെത്തുന്ന യാത്രക്കാരെ അസഭ്യം പറയുന്നത് ഇവരുടെ ഹോബിയായി മാറിയിരിക്കുന്നു. യാത്രക്കാരിൽ സ്ത്രീകൾ ഉണ്ടെങ്കിൽ അസഭ്യവാക്കുകളുടെ തീവ്രത കൂടുകയും ചെയ്യുന്നതായി യാത്രക്കാർ പറയുന്നു. ബൈക്കുകളിൽ എത്തുന്ന അപരിചിതരായ ആൾക്കാരാണ് ഇവരിൽ ഏറെയും . പറമ്പത്തൂർപ്പടി പോക്കാട്ട് കടവിലും (പഞ്ചായത്ത് കടത്ത് ) പരിസരത്തും ചൂണ്ടയിടുവാൻ നിരവധി ആളുകളാണ് ദിവസവും എത്താറുള്ളത്. മിത്ര മഠം പാലം വന്നതിനു ശേഷം കടത്ത് കടവിൽ യാത്രക്കാർ പഴയതിലും കുറവാണ്. ഈ സാഹചര്യത്തിൽ ആധുനിക ബൈക്കുകളിൽ എത്താറുള്ള ചൂണ്ടക്കാർ ചൂണ്ടയുടെ മറവിൽ കഞ്ചാവ് വില്പന നടത്തുന്നുണ്ടന്ന് സമീപവാസികൾ പറയുന്നു. ചണ്ടയിടുന്നിടത്ത് അപരിചിതരാണ് ഏറെയും വന്നു പോകുന്നതെന്നും നാട്ടുകാര്‍ പറയുന്നു.