ചെങ്ങന്നൂര്‍: മറുകണ്ടം ചാടിയ മുന്‍ പഞ്ചായത്ത് പ്രസിഡന്റ് എട്ടു നിലയില്‍ പൊട്ടി. പാര്‍ട്ടി പ്രാദേശിക ഘടകവുമായി ഉണ്ടായ പ്രശ്നങ്ങളെ തുടര്‍ന്ന് രാജിവെച്ച് തദ്ദേശ ഉപതെരഞ്ഞെടുപ്പില്‍ എല്‍.ഡി.എഫ് സ്ഥാനാര്‍ഥിയായി മത്സരിച്ച ബി.ജെ.പി മുന്‍ പഞ്ചായത്ത് പ്രസിഡന്‍റിന് കനത്ത തോല്‍വി. പാണ്ടനാട്ട് പഞ്ചായത്തിലെ ഏഴാം വാര്‍ഡ് എല്‍.ഡി.എഫ് സ്ഥാനാര്‍ഥി ആശ വി. നായരാണ് പരാജയപ്പെട്ടത്.
ബി.ജെ.പി ജില്ല പ്രസിഡന്റ് എം.വി. ഗോപകുമാറിന്റെ തട്ടകമാണ് പാണ്ടനാട്. കഴിഞ്ഞ ജൂണിലാണ് അണികളില്‍ നിന്നുള്ള ഒറ്റപ്പെടുത്തലുകളിലും പരസ്യമായ കുറ്റപ്പെടുത്തലുകളിലും ആരോപണങ്ങളിലും മനംമടുത്ത് പാര്‍ട്ടി പ്രതിനിധിയായ ആശ വി. നായര്‍ പഞ്ചായത്ത് പ്രസിഡന്‍റ് പദവിയും ഏഴാം വാര്‍ഡ് മെംബര്‍ സ്ഥാനവും രാജിവെച്ചത്. കഴിഞ്ഞ പഞ്ചായത്ത് സമിതിയിലും ഇവര്‍ അംഗമായിരുന്നു.
ബി.ജെ.പി പ്രതിനിധിയായ പഞ്ചായത്ത് വൈസ് പ്രസിഡന്‍റിനെതിരെ ജൂണ്‍ നാലിന് അവിശ്വാസം പാസായിരുന്നു. തുടര്‍ന്ന് സമൂഹ മാധ്യമങ്ങളിലൂടെ പ്രസിഡന്‍റ് രാജിവെക്കണമെന്ന് ആവശ്യപ്പെട്ട് വ്യക്തിപരമായി ആക്ഷേപിച്ച് ബി.ജെ.പി പ്രവര്‍ത്തകരും അനുഭാവികളും പോസ്റ്റുകള്‍ ഇടുന്നത് നേതൃത്വത്തിന്റെ ശ്രദ്ധയില്‍ കൊണ്ടുവന്നെങ്കിലും അവസാനിപ്പിക്കാന്‍ നടപടി സ്വീകരിച്ചില്ലെന്ന് ആശ രാജിക്കത്തില്‍ ചൂണ്ടിക്കാട്ടിയിരുന്നു. രാഷ്ട്രീയ അന്ധതമൂലം വികസനത്തെ എതിര്‍ക്കുന്ന ബി.ജെ.പിയുടെ നിലപാടിനൊപ്പം തുടരാന്‍ കഴിയില്ലെന്ന് ആരോപിച്ച ആശ, ജനങ്ങളോട് നീതിപുലര്‍ത്താന്‍ അനുവദിക്കാത്ത ബി.ജെ.പിയുമായുള്ള എല്ലാ ബന്ധവും ഉപേക്ഷിക്കുന്നതായും വ്യക്തമാക്കിയിരുന്നു.