ഈ മാസം യാത്ര പോകണമെന്ന് ആഗ്രഹിക്കുന്നവര്‍ക്ക് കുറഞ്ഞ ചെലവില്‍ പോയി വരാം. കെ എസ് ആര്‍ ടി സിയുടെ കൊല്ലം ബജറ്റ് ടൂറിസം സെല്ലാണ് കുറഞ്ഞ ചെലവില്‍ കേരളത്തിലെ മനോഹരമായ സ്ഥലങ്ങള്‍ കണ്ട് മടങ്ങി വരാന്‍ സാധിക്കുന്ന പാക്കേജുകള്‍ അവതരിപ്പിച്ചിരിക്കുന്നത്. എറണാകുളത്തെ പാണിയേലിപോര്, കാപ്രിക്കോട് തുടങ്ങി സഞ്ചാരികള്‍ ഒരിക്കലെങ്കിലും കണ്ടിരിക്കേണ്ട സ്ഥലങ്ങളിലേക്കാണ് യാത്രകള്‍. പാണിയേലിപോര്-കപ്രിക്കാട് പാക്കേജ്- എറണാകുളം ജില്ലയിലെ വിനോദ സഞ്ചാര കേന്ദ്രങ്ങളില്‍ ഒന്നാണ് പാണിയേലിപോര്. കേരളത്തില്‍ മറ്റൊരിടത്തും കാണാന്‍ സാധിക്കാത്ത ഇവിടുത്തെ ഭൂപ്രകൃതി തന്നെയാണ് സഞ്ചാരികളെ ഇവിടേക്ക് ആകര്‍ഷിക്കുന്നത്.
പെരിയാറിന്റെ അതിമനോഹര കാള്ചയാണ് ഇവിടെയുള്ളത്. പെരിയാര്‍ നദി പാണിയേലി ഗ്രാമത്തിലൂടെ ഒഴുകുമ്പോള്‍ ഇവിടുത്തെ പാറക്കെട്ടുകളില്‍ തട്ടി പരസ്പരം പോരടിക്കുമെന്നും അതുകൊണ്ടാണ് ഇങ്ങനെയൊരു പേരുവന്നതെന്നുമാണ് കരുതപ്പെടുന്നത്. പുഴയുടെ അരികിലൂടെയും പാറക്കെട്ടുകള്‍ക്കിടയിലൂടെയും തുരുത്തകളിലൂടെയുമുള്ള യാത്രയാണ് ആളുകള്‍ക്ക് രസം പകരുന്നത്. കപ്രിക്കോടാണ് പാക്കേജിലെ മറ്റൊരുസ്ഥലം. മൃഗസംരക്ഷണ കേന്ദ്രമായ ഇവിടം മ്ലാവ്, പുള്ളിമാന്‍, ആനകള്‍ തുടങ്ങി നിരവധി മൃഗങ്ങളെ കാണാനാകും. അഭയാരണ്യം എന്നറിയപ്പെടുന്ന ഇവിടം 123 ഹെക്ടര്‍ വിസ്തൃതിയിലാണ് വ്യാപിച്ച് കിടക്കുന്നത്. കൊല്ലത്ത് നിന്നും 18 നാണ് ഇവിടേക്കുള്ള പാക്കേജ്. 1050 രൂപയാണ് പാക്കേജ് തുക.
10 ന് രണ്ടു യാത്രകള്‍ നടത്തുന്നുണ്ട്. ഒന്ന് പത്തനംതിട്ടയിലെ ഗവിയിലേക്കും മറ്റൊന്ന് രാമക്കല്‍മേട്-കാല്‍വരി മൗണ്ട് പാക്കേജ് ആണ്. 1070 രൂപയാണ് നിരക്ക്. അയ്യപ്പന്‍ കോവില്‍ തൂക്കുപാലം, ആമപ്പാറ തുടങ്ങിയ സ്ഥലങ്ങളിലൂടെയാണ് യാത്ര. 16, 28 തീയതികളിലും ഗവിയിലേക്ക് പാക്കേജ് ഉണ്ട്. 11 ന് പൊന്‍മുടി യാത്രയില്‍ പേപ്പാറ ഡാം, മീന്‍മുട്ടി വെള്ളച്ചാട്ടം, കല്ലാര്‍ എന്നിവടങ്ങളും കാണാം. പ്രവേശന ഫീസുകള്‍ ഉള്‍പ്പടെ ഒരാള്‍ക്ക് 770 രൂപ. രണ്ട് ദിവസത്തേക്ക് മൂന്നാര്‍ പാക്കേജ് ഉണ്ട്. 17 ന് പുറപ്പെടുന്ന യാത്രയ്ക്ക് താമസം ഉള്‍പ്പടെ 1730 രൂപയാണ് നിരക്ക്. റോസ്മലയിലേക്കും ഈ മാസം പാക്കേജുണ്ട്. എന്‍ട്രി ഫീസുകളും ഉള്‍പ്പടെ 770 രൂപയുമാകും ഫീസ്. ആറ്റുകാല്‍ പൊങ്കാല ദിവസമായ 25 നു ഒരു ഫാസ്റ്റ് പാസഞ്ചര്‍ ബസ്സും എ സി ബസ്സും അന്നേ ദിവസം ഇല്ലിക്കല്‍ കല്ല്- ഇലവീഴാപൂഞ്ചിറയുടെ ആദ്യ ഉല്ലാസ യാത്രയും നടക്കും. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍ -9747969768, 0474 2751053.