പന്തളം : പന്തളം നഗരസഭയുടെ അതിര്‍ത്തിയായ ഐരാണിക്കുടിയില്‍ ചാക്ക് കണക്കിന് അറവുമാലിന്യം വീണ്ടും തള്ളിയതോടെ സമീപ വാസികളുടെ ജീവിതം ദു:സഹമായി. കാല്‍നട യാത്രപോലും ദുഷ്ക്കരമായി.
കക്കൂസ് മാലിന്യവും ഇറച്ചിക്കോഴി അവശിഷ്‌ടവും ഇവിടെ തള്ളുന്നത് മുമ്പ് പതിവായിരുന്നു. കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളുമായി സന്നദ്ധ സേനാംഗങ്ങളും പോലീസും ആരോഗ്യ വിഭാഗവും ഇവിടെ ഉണ്ടായിരുന്നതിനാല്‍ മാസങ്ങളായി ഇവിടെ മാലിന്യങ്ങള്‍ തളളാറില്ലായിരുന്നു. അവരുടെ സേവന പ്രവർത്തനങ്ങൾ ഇവിടെ അവസാനിച്ചതോടെയാണ് വീണ്ടും സാമുഹിക വിരുദ്ധർ മാലിന്യം തള്ളാന്‍ തുടങ്ങിയത് .
ഇവിടെ നിരീക്ഷണ ക്യാമറ സ്‌ഥാപിക്കാന്‍ പലവട്ടം മുനിസിപ്പല്‍ കമ്മിറ്റി തീരുമാനമെടുത്തിരുന്നു. എന്നാല്‍ അതിനുള്ള നടപടിയുണ്ടായില്ല. മാരക രോഗങ്ങള്‍ പിടിപെടാന്‍ കാരണമാകുന്ന മാലിന്യങ്ങള്‍ തള്ളുന്നത് തടയാന്‍ നിരീക്ഷണ ക്യാമറകള്‍ സ്‌ഥാപിക്കാന്‍ അടിയന്തര നടപടി സ്വീകരിക്കണമെന്നാണ് പ്രദേശവാസികളുടെ ആവശ്യം