പത്തനംതിട്ട : മണ്ഡലമേതായാലും വിശ്വാസികള്‍ വിജയിക്കണമെന്നാണ് പന്തളം കൊട്ടാരത്തിന്റെ ആഗ്രഹമെന്ന് കൊട്ടാരം നിര്‍വാഹക സമിതി സെക്രട്ടറി നാരായണ വര്‍മ. ശബരിമല അയ്യപ്പനിലുള്ള വിശ്വാസം കഴിഞ്ഞുള്ള രാഷ്ട്രീയമേ ഞങ്ങള്‍ക്കുള്ളൂ. തെരഞ്ഞെടുപ്പില്‍ ശബരിമല യുവതീ പ്രവേശനവും വിവാദങ്ങളും ചര്‍ച്ചയാകുന്നതിന്റെ പശ്ചാത്തലത്തില്‍ പന്തളം കൊട്ടാരത്തിന്റെ നിലപാട് വിശദീകരിക്കുകയായിരുന്നു അദ്ദേഹം.
ശബരിമല യുവതീപ്രവേശന വിരുദ്ധ പ്രക്ഷോഭ കാലത്ത് വിശ്വാസത്തിന്റെയും ആചാരങ്ങളുടെയും സംരക്ഷണത്തിനു വേണ്ടി വിശ്വാസികള്‍ക്കൊപ്പമാണ് കൊട്ടാരം നിലകൊണ്ടത്. ആ നിലപാട് തുടരും. കൊട്ടാരത്തില്‍ വിവിധ രാഷ്ട്രീയമുള്ളവരുണ്ട്. പക്ഷെ ശബരിമലയുടെ കാര്യത്തില്‍ ഞങ്ങള്‍ക്കെല്ലാം ഒരു നിലപാടാണ്. ആര് അതിന് അനുകൂല നിലപാട് എടുക്കുന്നോ അവരെ പിന്തുണക്കും. കഴിഞ്ഞ പാര്‍ലമെന്റ് തെരഞ്ഞെടുപ്പിലും നിലപാട് അതായിരുന്നു. അതിന്റെ പേരില്‍ പ്രത്യക്ഷ രാഷ്ട്രീയത്തിലേക്കിറങ്ങാന്‍ താല്പര്യമില്ല. ഒരു പാര്‍ട്ടിയോടും അയിത്തമില്ല. വിശ്വാസ സംരക്ഷണത്തിന് മുന്‍ഗണന നല്കാന് തയ്യാറാവുന്നവര്ക്കൊപ്പം നില്ക്കും. ഏതെങ്കിലും രാഷ്ട്രീയ കക്ഷികള്‍ക്കൊപ്പം കൂടാന്‍ താല്‍പ്പര്യമില്ല. അതിനാലാണ് ബി.ജെ.പിയുടെ സ്ഥാനാര്‍ഥി വാഗ്ദാനം നിരസിച്ചത്.
ശബരിമലയില്‍ അന്ന് ഉണ്ടായ സംഭവങ്ങള്‍ക്കെതിരായ പ്രതിഷേധം ഇത്തവണയും തെരഞ്ഞെടുപ്പില്‍ പ്രതിഫലിച്ചേക്കാമെന്നാണ് കരുതുന്നത്. യുവതീ പ്രവേശനം അനുവദിച്ച് സുപ്രീംകോടതി വിധി വന്നപ്പോള്‍ സ്വാഗതം ചെയ്തവരാണ് എല്ലാ രാഷ്ട്രീയ പാര്‍ട്ടികളും. അന്ന് കൊട്ടാരത്തിന്റെ നേതൃത്വത്തില്‍ നടത്തിയ നാമജപ ഘോഷയാത്രയിലെ ജനബാഹുല്യം കണ്ടാണ് രാഷ്ട്രീയ പാര്‍ട്ടികള്‍ നിലപാട് മാറ്റിയത്. യുവതീ പ്രവേശനം അനുവദിച്ച് വിധിവന്നപ്പോള്‍ തന്നെ അത് മറികടക്കാന്‍ നിയമ നിര്‍മ്മാണം വേണമെന്ന് ആവശ്യപ്പെട്ടിരുന്നു. അതിന്റെ കരട് തയാറാക്കി പ്രധാനമന്ത്രിയെ നേരിട്ട് കണ്ട് നല്കി. അതൊന്നും പരിഗണിക്കപ്പെടുകയുണ്ടായില്ല.
കോടതി വിധി വിശ്വാസ സമൂഹത്തിന് എതിരായാല്‍ നിയമ നിര്‍മാണം വേണമെന്നാണ് ആവശ്യം. ഭരണഘടന വരും മുമ്പേ ഇവിടെ പാലിച്ചുവരുന്ന വിശ്വാസവും ആചാരങ്ങളുമുണ്ട്. അത് മാനിക്കപ്പെടണം. തെരഞ്ഞെടുപ്പാകുമ്പോള്‍ എല്ലാ രാഷ്ട്രീയ പാര്‍ട്ടി സ്ഥാനാര്‍ഥികളും കൊട്ടാരത്തില്‍ എത്താറുണ്ട്. ആര്‍ക്കും ഇവിടെ പ്രവേശനം നിഷേധിക്കാറില്ല. ആ നിലപാട് തുടരുമെന്നും നാരായണ വര്‍മ പറഞ്ഞു.