പന്തളം : സുശീലാ സന്തോഷ് ചേയര്‍പേഴ്സണായി ഒന്നര വര്‍ഷം പിന്നിട്ടപ്പോള്‍ ബി.ജെ.പിയിലെ പാളയത്തില്‍ പടയും പൊട്ടിത്തെറിയും. ബി.ജെ.പിക്ക് സംസ്ഥാനത്ത് അധികാരം കിട്ടിയ രണ്ടാമത്തെ നഗരസഭയാണ് പന്തളം. കഴിഞ്ഞ തദ്ദേശ ഭരണ തിരഞ്ഞെടുപ്പില്‍ സീറ്റ് വര്‍ദ്ധിക്കുമെന്ന് പ്രതീക്ഷിച്ചിരുന്നെങ്കിലും ഭരണം തന്നെ കിട്ടിയത് പാര്‍ട്ടി നേതാക്കളെയും പ്രവര്‍ത്തകരെയും ഒരുപോലെ അമ്പരപ്പിച്ചു.
ചെയര്‍മാനാകാന്‍ സീനിയര്‍ കൗണ്‍സിലര്‍മാര്‍ പലരുണ്ടായിരുന്നെങ്കിലും പട്ടികജാതി വനിതയെ ചെയര്‍പേഴ്സണാക്കി ബി.ജെ.പി സംസ്ഥാന നേതൃത്വം ആരും പ്രതീക്ഷിക്കാതിരുന്ന തീരുമാനമെടുത്തു. സുശീലാ സന്തോഷ് ചേയര്‍പേഴ്സണായി ഒന്നര വര്‍ഷം പിന്നിട്ടപ്പോള്‍ ബി.ജെ.പിയിലെ പാളയത്തില്‍ പടയും പൊട്ടിത്തെറിയും നഗരസഭാ ഭരണത്തെ അനിശ്ചിതത്വത്തിലാക്കിയിരിക്കുന്നു. പരിചയക്കുറവും ബഡ്ജറ്റ് അവതരണം വൈകിയതും തുടക്കത്തിലേ കല്ലുകടിയായിരുന്നു. കഴിഞ്ഞയാഴ്ച പദ്ധതി രൂപീകരണം ചര്‍ച്ച ചെയ്യാനായി ചേര്‍ന്ന യോഗത്തിനിടെ ചെയര്‍പേഴ്സണ്‍ പാര്‍ട്ടിയിലെ തന്നെ സീനിയര്‍ കൗണ്‍സിലര്‍ കെ.വി പ്രഭയെ അസഭ്യം പറയുന്ന വീഡിയോ സമൂഹ മാദ്ധ്യമങ്ങളില്‍ വലിയ തോതില്‍ പ്രചരിച്ചതാണ് ഇപ്പോഴത്തെ സംഭവ വികാസങ്ങള്‍ക്ക് കാരണം.
പിന്നാലെ പാര്‍ട്ടി ജില്ലാക്കമ്മിറ്റി ഇടപെട്ട് നടത്തിയ അനുരഞ്ജന നീക്കം പാളി. ആര്‍.എസ്.എസ്, ബി.ജെ.പി സംസ്ഥാന നേതാക്കള്‍ താക്കീതു നല്‍കിയതോടെ താല്‍ക്കാലിക വെടിനിറുത്തല്‍ പ്രഖ്യാപിച്ചിരിക്കുകയാണ്. പ്രശ്ന പരിഹാര ചര്‍ച്ചകള്‍ ഉടനെയുണ്ടാകുമെന്നാണ് നേതാക്കള്‍ സൂചിപ്പിക്കുന്നത്. ശബരിമല പ്രക്ഷോഭ കാലത്ത് ഒന്നിച്ച് ശരണം വിളിച്ച് സമരം ചെയ്തവര്‍ തമ്മില്‍ തെറികൊണ്ട് അഭിഷേകം നടത്തിയത് ബി.ജെ.പിക്കും ഒപ്പം നിന്നവര്‍ക്കും ആകമാനം നാണക്കേടുണ്ടാക്കിയിരിക്കുകയാണ്. ചെയര്‍പേഴ്സനെ ചൊടിപ്പിച്ചത് പദ്ധതി രൂപീകരണത്തിനുള്ള അടിയന്തര യോഗം നടന്നത് ഞായറാഴ്ചയായിരുന്നു. കനത്ത മഴയുണ്ടായിരുന്ന ആ ദിവസം ചെയര്‍പേഴ്സണെ വിളിച്ചുകൊണ്ടുപോകാന്‍ ഭര്‍ത്താവ് നഗരസഭയിലെത്തി. യോഗം തീരാന്‍ വൈകിയതിനാല്‍ കേസരയിട്ട് അവിടെ ഇരുന്ന ചെയര്‍പേഴ്സന്റെ ഭര്‍ത്താവിന്റെ വീഡിയോ ബി.ജെ.പി കൗണ്‍സിലര്‍മാരുടെ വാട്സാപ്പ് ഗ്രൂപ്പിലെത്തി.
”ആരാണ് ചെയര്‍പേഴ്സണ്‍, ഭാര്യയോ ഭര്‍ത്താവോ ” എന്നു ചോദിച്ച് പ്രതികരണങ്ങളും വന്നതോടെ നിയന്ത്രണം വിട്ട സുശീല സന്തോഷ് പാര്‍ട്ടിയിലെ തന്റെ എതിരാളിയായ പ്രഭയ്ക്കു നേരെ പാഞ്ഞടുത്തു. ‘അടിച്ചു ചെവിക്കല്ല് പൊട്ടിക്കും’ എന്ന് പറഞ്ഞതിനു പിന്നാലെ മോശമായ പദപ്രയോഗങ്ങളുമുണ്ടായി. ഇതിന്റെ വീഡിയോയാണ് സമൂഹമാദ്ധ്യമങ്ങളില്‍ പ്രചരിച്ചത്. ചെയര്‍പേഴ്സണായ ഭാര്യയെ വീട്ടിലേക്ക് കൂട്ടിക്കൊണ്ടുപോകാന്‍ വന്ന ഭര്‍ത്താവ് ഓഫീസില്‍ കസേരയിലിരുന്നതിന്റെ വീഡിയോ പകര്‍ത്തി സ്വന്തം പാര്‍ട്ടിയുടെ ഗ്രൂപ്പിലേക്ക് പറത്തിയ വിവരദോഷത്തിനെതിരെ രോഷം പ്രകടിപ്പിച്ച സുശീല സന്തോഷ് അകമ്പടിയായി അസഭ്യം പറഞ്ഞത് അതിരു കടന്നു. നഗരസഭാ ഓഫീസില്‍ വച്ച് ഇങ്ങനെയൊരു അനിഷ്ട സംഭവമുണ്ടായതില്‍ ഖേദം പ്രകടിപ്പിക്കാന്‍ അദ്ധ്യാപികയായിരുന്ന സുശീല സന്തോഷ് തയ്യാറായത് അന്തരീക്ഷം തണുപ്പിച്ചിട്ടുണ്ട്.
വീഡിയോ പകര്‍ത്തി പ്രചരിപ്പിച്ചവര്‍ക്കെതിരെയും പൊട്ടിത്തെറിച്ച ചെയര്‍പേഴ്സനെതിരെയും പാര്‍ട്ടി നടപടിയുണ്ടായില്ല. പക്ഷേ, പ്രശ്നങ്ങള്‍ക്ക് പരിഹാരമില്ലാതെ നീളുന്നത് കനലുകള്‍ വീണ്ടും ആളിക്കത്താനിടയാക്കും. ബി.ജെ.പി നഗരസഭ ഭരണം തുടങ്ങിയപ്പോള്‍ മുതല്‍ താളപ്പിഴകളാണ്. ബി.ജെ.പി കൗണ്‍സിലര്‍മാരില്‍ കൂടുതലും വനിതകളാണ്. അതുകൊണ്ട് വനിതയെ തന്നെ ചെയര്‍പേഴ്ണാക്കി. എന്നാല്‍, ചെയര്‍മാന്‍ സ്ഥാനത്തേക്ക് പരിഗണിക്കപ്പെടുമെന്ന് പ്രതീക്ഷിച്ചിരുന്ന നഗരസഭയിലെ സീനിയര്‍ കൗണ്‍സിലറായ കെ.വി പ്രഭയും കൂട്ടരും തുടക്കം മുതല്‍ സുശീല സന്തോഷിനോട് സഹകരിക്കാതിരുന്നത് പൊട്ടിത്തെറിയുടെ വക്കിലെത്തിയതാണ് അടുത്തിടെ കണ്ടത്. ആകെയുള്ള 33 സീറ്റുകളില്‍ 18 നേടിയാണ് ബി.ജെ.പി അധികാരത്തിലെത്തിയത്. 11പേര്‍ സുശീല സന്തോഷിനും ഏഴ് പേര്‍ പ്രഭയ്ക്കുമൊപ്പമാണ്.
കരുനീക്കവുമായി എല്‍.ഡി.എഫ്
കൈവിട്ട ഭരണം ഏതുവിധേനയും തിരിച്ചുപിടിക്കാനുള്ള നീക്കങ്ങളിലാണ് സി.പി.എം. ഒന്‍പത് സീറ്റുകളാണ് എല്‍.ഡി.എഫിനുള്ളത്. ഒരു സ്വതന്ത്ര അംഗത്തെ കഴിഞ്ഞ ദിവസം ചാക്കിട്ടുപിടിച്ച് അംഗബലം പത്താക്കി. ചെയര്‍പേഴ്സണ്‍ സുശീല സന്തോഷിനോട് ഇടഞ്ഞു നില്‍ക്കുന്ന ബി.ജെ.പിയിലെ കെ.വി പ്രഭയടക്കം ഏഴ് കൗണ്‍സിലര്‍മാര്‍ ഒപ്പം വന്നാല്‍ ഭരണം പിടിക്കാമെന്നാണ് സി.പി.എം കണക്കുകൂട്ടല്‍. അത് എളുപ്പമുള്ള കാര്യമല്ലെന്ന് സി.പി.എമ്മിനറിയാം. താല്‍ക്കാലിക വെടിനിറുത്തല്‍ ഉണ്ടായ ബി.ജെ.പിയില്‍ വീണ്ടും പ്രശ്നം കലുഷിതമായാല്‍ പ്രഭയും കൂട്ടരും നേതൃമാറ്റം ആവശ്യപ്പെട്ടേക്കാം. നഗരസഭാ ഭരണത്തിനെതിരെ നിരന്തരം സമരം നടത്തിയും ബി.ജെ.പിക്കുള്ളിലെ അസംതൃപ്തരെ ചെയര്‍പേഴ്സനെതിരെ പ്രവര്‍ത്തിക്കാന്‍ പ്രേരിപ്പിച്ചും മുന്നോട്ടു പോകാനാണ് സി.പി.എം തീരുമാനം.
മികച്ച സംഘാടകനും ജില്ലാ സെക്രട്ടറിയേറ്റംഗവുമായ പി.ബി ഹര്‍ഷകുമാറിനാണ് സി.പി.എം പന്തളം ഏരിയ കമ്മറ്റിയുടെ ചുമതല നല്‍കിയിരിക്കുന്നത്. അഞ്ച് അംഗങ്ങളുള്ള യു.ഡി.എഫില്‍ നിന്ന് ആരെയെങ്കിലും കിട്ടുമോയെന്നും സി.പി.എം നോക്കുന്നു. പന്തളത്തിന്റെ കാര്യത്തില്‍ ബി.ജെ.പി സംസ്ഥാന നേതൃത്വം ഉണര്‍ന്നു പ്രവര്‍ത്തിച്ചില്ലെങ്കില്‍ അധികാര അട്ടിമറി വിദൂരത്തല്ല. പ്രതീക്ഷിക്കാതെ കിട്ടിയ അധികാരം ഫലപ്രദമായി വിനിയോഗിക്കണമെന്നും ഭരണത്തുടര്‍ച്ചയ്ക്കുള്ള സാദ്ധ്യത നിലനിറുത്തണമെന്നും കൗണ്‍സിലര്‍മാരെ പഠിപ്പിക്കേണ്ടതുണ്ട്. സ്വന്തം പാര്‍ട്ടി ഭരിക്കുന്ന നഗരസഭയില്‍ ചെയര്‍പേഴ്സന്റെ തീരുമാനത്തിനെതിരെ, സെക്രട്ടറിയെ ഉപരോധിച്ച് സമരം ചെയ്ത ഒരു വിഭാഗം ബി.ജെ.പി കൗണ്‍സിലര്‍മാര്‍ ഭരണം അട്ടിമറിക്കാനും ശ്രമിച്ചു കൂടെന്നില്ല.
സംസ്ഥാനത്ത് ആദ്യമായി ബി.ജെ.പി അധികാരത്തിലെത്തിയ നഗരസഭ പാലക്കാടാണ്. ഭരണമികവു കൊണ്ട് അവിടെ കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ വീണ്ടും അധികാരത്തിലെത്തി. കേന്ദ്ര സര്‍ക്കാര്‍ ആവിഷ്ക്കരിച്ച നഗര വികസന പദ്ധതികള്‍ ഫലപ്രദമായി നടപ്പാക്കിയെന്ന സല്‍പ്പേരും പാലക്കാടിനുണ്ട്. എന്നാല്‍, പന്തളത്തെ ഇപ്പോഴത്തെ സ്ഥിതി ഒട്ടും ആശാവഹമല്ല. നേരായ രീതിയില്‍ ഭരണം മുന്നോട്ടുകൊണ്ടുപാേകാന്‍ ഒന്നര വര്‍ഷത്തിനുള്ളില്‍ കഴിഞ്ഞിട്ടില്ല. ഈ നില തുടര്‍ന്നാല്‍ അടുത്ത തിരഞ്ഞെടുപ്പില്‍ വമ്പന്‍ പരാജയം ഏറ്റുവാങ്ങും.