പത്തനംതിട്ട : ബിജെപി ഭരിക്കുന്ന പന്തളം നഗരസഭ പിരിച്ചുവിടണമെന്നാവശ്യപ്പെട്ട് നഗരസഭ സെക്രട്ടറി തദ്ദേശ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറിക്ക് കത്ത് അയച്ചു. പന്തളം നഗരസഭയിലെ ബജറ്റ് അവതരണവും ചര്‍ച്ചകളും വന്‍ രാഷ്ട്രീയ വിവാദങ്ങളായിരുന്നു.
പുതിയതായി ഭരണത്തിലേറിയ എല്ലാ തദ്ദേശ സ്ഥാപനങ്ങളും ബജറ്റ് പാസാക്കിയിട്ടും പന്തളത്ത് മാത്രം 2021 2022 സാമ്ബത്തിക വര്‍ഷത്തിലെ പദ്ധതി രേഖ സമയബന്ധിതമായി അവതരിപ്പിച്ചിരുന്നില്ല. ഇക്കാലയളവില്ലെല്ലാം നഗരസഭയില്‍ സെക്രട്ടറി സ്ഥാനം ഒഴിഞ്ഞു കിടക്കുകയായിരുന്നു.
നഗരസഭയിലെ ബജറ്റ് മുനിസിപ്പല്‍ ചട്ടങ്ങള്‍ പാലിക്കാതെ പാസാക്കിയെന്നാണ് സെക്രട്ടറിയുടെ കണ്ടെത്തല്‍. എന്നാല്‍ നിയമ പ്രകാരമല്ലാത്തതൊന്നും നഗരസഭയില്‍ നടന്നിട്ടില്ലെന്നാണ് ചെയര്‍പേഴ്സന്റെ വിശദീകരണം. ജൂലൈ 7 ന് പുതുതായി എത്തിയ സെക്രട്ടറി രേഖകള്‍ പരിശോധിച്ചപ്പോഴാണ് മാര്‍ച്ച് 22 ന് അവതരിപ്പിച്ച ബജറ്റ് 1994 കേരള മുനിസിപ്പാലിറ്റി ചട്ടത്തിലെ വകുപ്പുകള്‍ പാലിക്കാതെയാണെന്ന് കണ്ടെത്തിയത്.
കഴിഞ്ഞ സാമ്ബത്തിക വര്‍ഷം അവസാനിക്കുന്നതിന് ബജറ്റ് പാസാക്കാന്‍ കഴിഞ്ഞില്ലെന്നും കണ്ടത്തി. കൗണ്‍സില്‍ പിരിച്ചുവിടുന്നത് സംബന്ധിച്ച് സെക്രട്ടറി ഓംബുഡ്സ്മാന്റെ ഉപദേശം തേടിയിട്ടുണ്ട്.
നഗരസഭയായതിന് ശേഷം കണ്ടിന്‍ജന്റ്, സാനിറ്റേഷന്‍ മേഖലകളിലൈായി 23 ജീവനക്കാരുടെ തസ്തികകള്‍ അനുവദിച്ചിട്ടും, നിയമവിരുദ്ധമായി പഞ്ചായത്ത് ആയിരുന്ന കാലത്തെ സാനിറ്റേഷന്‍ സൊസൈറ്റിയാണ് നഗരസഭയില്‍ പ്രവര്‍ത്തിക്കുന്നതെന്നും കത്തില്‍ പരാമര്‍ശിക്കുന്നു.
എന്നാല്‍ എല്ലാ ആരോപണങ്ങളെയും തള്ളുകയാണ് നഗരസഭ അധ്യക്ഷ. ബജറ്റിലടക്കം ഭരണ സമിതിക്കെതിരെ രാഷ്ട്രീയ ആരോപണങ്ങള്‍ ഉന്നയിക്കുന്ന പ്രതിപക്ഷത്തിന് പുതിയ പിടിവള്ളിയാണ് സെക്രട്ടറിയുടെ കത്ത്.