പന്തളം : പന്തളം നഗരസഭയുടെ പ്രവർത്തനം നിശ്ചലാവസ്ഥയിലാണെന്ന് യു.ഡി.എഫ്. പദ്ധതി പ്രവർത്തനം തുടങ്ങുന്നതിനോ 2019 -20 വർഷത്തിലെ സ്പിൽ ഓവർ പ്രോജക്ടുകൾ പൂർത്തിയാക്കാനോ യാതൊരു നടപടിയും നഗരസഭയുടെ ഭാഗത്ത് നിന്ന് ഉണ്ടാകുന്നില്ലെന്ന് യു.ഡി.എഫ് ആരോപിക്കുന്നു.
കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളുമായി സെക്രട്ടറിയും ഹെൽത്ത് വിഭാഗവും ചില ശ്രമങ്ങൾ നടത്തുന്നതൊഴിച്ചാൽ നഗരസഭയുടെ പ്രവർത്തനം പൂര്‍ണ്ണമായും സ്തംഭിച്ചിരിക്കുകയാണ്. ഭരണ സമിതിയുടെ കാലാവധി അവസാനിക്കുവാന്‍ മൂന്നുമാസം മാത്രം ബാക്കി നിൽക്കുമ്പോഴും അവസാന വർഷത്തെ പദ്ധതികൾ നടപ്പിലാക്കുവാൻ യാതൊരു നടപടിയും ഭരണസമിതി സ്വീകരിച്ചിട്ടില്ല.
മഹാപ്രളയവുമായി ബന്ധപ്പെട്ട് അർഹതപ്പെട്ടവർക്ക് ജീവനോപാധിയായി കോഴികളെ നൽകാൻ തീരുമാനമെടുത്ത് ലിസ്റ്റ് നൽകിയിട്ട് എട്ടു മാസത്തോളമായെങ്കിലും യാതൊരു നടപടിയും ഉണ്ടായിട്ടില്ല. പന്തളം നഗരത്തിൽ അനധികൃത കച്ചവടങ്ങൾക്ക് ഭരണ സമിതി മൗനാനുവാദം നൽകിയിരിക്കുകയാണെന്നും അഞ്ചു വർഷത്തെ എൽഡിഎഫ് ഭരണം പന്തളത്തിന്റെ വികസനം ഇരുപത് വർഷം പിന്നോട്ടടിച്ചിരിക്കുകയാണെന്നും യുഡിഎഫ് അംഗങ്ങള്‍ ആരോപിച്ചു.