കണ്ണൂർ: പാനൂർ ബോംബ് സ്‌ഫോടനവുമായി ബന്ധപ്പെട്ട് ഒരാൾ കസ്റ്റഡിയിൽ. പാനൂർ കൈവേലിക്കൽ സ്വദേശി അരുണിനെയാണ് കസ്റ്റഡിയിലെടുത്തത്. ബോംബ് സ്‌ഫോടനവുമായി ഇയാൾ എന്തെങ്കിലും ബന്ധമുള്ളതായി പൊലീസ് സ്ഥിരീകരിച്ചിട്ടില്ല. സ്‌ഫോടനം നടക്കുമ്പോൾ ഇയാൾ ഈ പ്രദേശത്ത് ഉണ്ടായിരുന്നു എന്നാണ് പോലീസ് നിഗമനം. സ്‌ഫോടനത്തിൽ പരിക്കേറ്റവരെ ആശുപത്രിയിലെത്തിച്ചത് ഇയാളുടെ നേതൃത്വത്തിലായിരുന്നു. സ്‌ഫോടനത്തിൽ ഷെറിൻ എന്നയാളാണ് കൊല്ലപ്പെട്ടത്. ഒരാൾ കൊല്ലപ്പെടുകയും രണ്ടുപേർക്ക് പരിക്കേൽക്കുകയും ചെയ്തുവെന്നാണ് നേരത്തെ വന്നിരുന്ന റിപ്പോർട്ട്. എന്നാൽ സ്‌ഫോടനത്തിൽ നാലുപേർക്ക് പരിക്കുണ്ട് എന്നാണ് വിവരം. വിനീഷ് എന്നയാൾക്ക് ഗുരുതര പരിക്കുണ്ട്. ഇയാളുടെ രണ്ട് കൈപ്പത്തികളും ചിന്നിച്ചിതറിപ്പോയി.
ഇയാൾ കോഴിക്കോട്ട് സ്വകാര്യ ആശുപത്രിയിൽ അതീവ ഗുരുതരാവസ്ഥയിൽ ചികിത്സയിലാണ്. ഇതിന് പുറമെ രണ്ടുപേർക്ക് കൂടി സ്‌ഫോടനത്തിൽ പരിക്കുണ്ട്. മീത്തലെകുന്നോത്ത്പറമ്പ് സ്വദേശി വിനോദ്, സെൻട്രൽ കുന്നോത്ത്പറമ്പ് സ്വദേശി അശ്വന്ത് എന്നിവർക്കാണ് പരിക്കേറ്റത്. വിനോദ് പരിയാരം മെഡിക്കൽ കോളജിലും അശ്വന്ത് തലശ്ശേരി സഹകരണ ആശുപത്രിയിലും ചികിത്സയിലാണ്. രണ്ടുപേരുടെയും പരിക്ക് ഗുരുതരമല്ല. ഇവരുടെ മൊഴി ഇന്ന് രേഖപ്പെടുത്താനും സാധ്യത ഉണ്ട്.





























