അടൂര്‍ : പറക്കോട് ചന്ത സുരക്ഷിതമായി പ്രവര്‍ത്തിക്കാന്‍ വേണ്ട ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തിയതായി ചിറ്റയം ഗോപകുമാര്‍ എം.എല്‍.എ പറഞ്ഞു. പറക്കോട് പബ്ലിക് ലൈബ്രറിയില്‍ ചിറ്റയം ഗോപകുമാര്‍ എം.എല്‍.എയുടെ നേതൃത്വത്തില്‍ ചേര്‍ന്ന യോഗത്തിലാണു തീരുമാനമായത്.
തിരുവിതാംകൂറിലെ ഏറ്റവും വലിയ ചന്തയായ പറക്കോട് ചന്തയില്‍ തമിഴ്‌നാട്ടില്‍ നിന്നും പച്ചക്കറിയുമായി ധാരാളം ലോറികളാണ് എത്തുന്നതെന്നും അതിനാല്‍ കനത്ത ജാഗ്രത പാലിച്ചുകൊണ്ടാകും ചന്ത പ്രവര്‍ത്തിക്കുന്നതെന്നും എം.എല്‍.എ പറഞ്ഞു. ചന്തയിലേക്ക് ഒരു വഴിമാത്രമേ പ്രവേശനം അനുവദിക്കൂ. ഇതര സംസ്ഥാനങ്ങളില്‍നിന്നു ലോഡുമായെത്തുന്ന വാഹനങ്ങള്‍ ചന്തയ്ക്കു സമീപം റോഡില്‍ നിര്‍ത്തിയിട്ട് ഡ്രൈവര്‍, ക്ലീനര്‍ എന്നിവരെ പനിപരിശോധന നടത്തുകയും വാഹനങ്ങള്‍ അണുവിമുക്തമാക്കാനുമാണു യോഗത്തില്‍ തീരുമാനമായത്. ലോറികളില്‍ നിന്നു ചരക്ക് ചെറിയ വാഹനത്തിലേക്കുമാറ്റി ടോക്കണ്‍ നല്‍കി തിരക്ക് കുറക്കാനും തീരുമാനമായി. പരിസരത്ത് പോലീസ് പരിശോധനയും കര്‍ശനമാക്കി. അടൂര്‍ ഫയര്‍ഫോഴ്‌സിന്റെ നേതൃത്വത്തില്‍ ചന്ത മുഴുവന്‍ അണുവിമുക്തമാക്കി.
അടൂര്‍ നഗരസഭ ചെയര്‍പേഴ്‌സണ്‍ സിന്ധു തുളസീധരന്‍, ആര്‍.ഡി.ഒ: പി.ടി.എബ്രഹാം, ഡി.വൈ.എസ്.പി. ജവഹര്‍ ജനാര്‍ദ്, കൗണ്‍സിലര്‍ എസ്.ബിനു, ഫയര്‍ ഓഫീസര്‍ സഖറിയ അഹമദ്, ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ വിനോദ് എന്നിവര്‍ പങ്കെടുത്തു.