പത്തനംതിട്ട : തദേശസ്വയംഭരണ സ്ഥാപനങ്ങളും കുടുംബശ്രീയും നടത്തുന്ന കമ്മ്യൂണിറ്റി കിച്ചണും ബഡ്ജറ്റ് ഹോട്ടലുമല്ലാത്ത മറ്റ് സംഘടനകളും വ്യക്തികളും നടത്തുന്ന സമാന്തര ഭക്ഷണ വിതരണം അനുവദിക്കില്ലെന്നു ജില്ലാ കളക്ടര്‍ പി.ബി നൂഹ് പറഞ്ഞു. ജില്ലയില്‍ ഭക്ഷണവിതരണവുമായി ബന്ധപ്പെട്ട് വിവാദങ്ങള്‍ ഉണ്ടായ പശ്ചാത്തലത്തില്‍ പഞ്ചായത്ത് സെക്രട്ടറിമാര്‍, മുനിസിപ്പല്‍ സെക്രട്ടറിമാര്‍ എന്നിവരുമായി നടത്തിയ വീഡിയോ കോണ്‍ഫറന്‍സിലാണ് ജില്ലാ കളക്ടര്‍ ഇക്കാര്യം വ്യക്തമാക്കിയത്.
തദ്ദേശ സ്ഥാപനങ്ങളുടെ കമ്മ്യൂണിറ്റി കിച്ചണും കുടുംബശ്രീയുടെ ബഡ്ജറ്റ് ഹോട്ടലിനും സമാന്തരമായി നടത്തുന്ന ഭക്ഷണവിതരണം ചില പ്രശ്നങ്ങള്‍ ഉയര്‍ത്തുന്ന പശ്ചാത്തലത്തിലാണു തീരുമാനം. സംഘടനകളും വ്യക്തികളും വീടുകളില്‍നിന്നു ശേഖരിക്കുന്ന ഭക്ഷണ പൊതികളില്‍ ഏതെങ്കിലും തരത്തില്‍ ഭക്ഷ്യവിഷബാധയുണ്ടായാല്‍ അതു ഭീഷണി ഉണ്ടാക്കും. സര്‍ക്കാര്‍ തലത്തില്‍ ഇത്തരം സമാന്തര ഭക്ഷണപൊതി വിതരണം പ്രോത്സാഹിപ്പിക്കേണ്ട എന്ന നിര്‍ദേശമാണു ലഭിച്ചിരിക്കുന്നത്. തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലെ സെക്രട്ടറിമാര്‍ തങ്ങളുടെ പരിധിയില്‍ ഇത്തരത്തില്‍ സമാന്തരമായി നടക്കുന്ന ഭക്ഷണപൊതി വിതരണവുമായി ബന്ധപ്പെട്ട പൂര്‍ണ വിവരങ്ങള്‍ അടങ്ങിയ റിപ്പോര്‍ട്ട് അടിയന്തരമായി നല്‍കണം.
ഏപ്രില്‍ 9 (നാളെ) മുതല്‍ ജില്ലയില്‍ സമാന്തര ഭക്ഷണപൊതി വിതരണം അനുവദിക്കില്ല. സമാന്തര പൊതിച്ചോര്‍ വിതരണം നടക്കുന്നില്ലെന്ന് ഉറപ്പാക്കണം. കമ്മ്യൂണിറ്റി കിച്ചണുമായി ബന്ധപ്പെട്ട് വാര്‍ഡ്തല മോണിറ്ററിംഗ് കമ്മറ്റി ദിവസവും ചേര്‍ന്ന് കമ്മ്യൂണിറ്റി കിച്ചണ്‍ വഴി ഭക്ഷണം ലഭ്യമാക്കേണ്ടവരുടെ ലിസ്റ്റ് തയ്യാറാക്കി ഭക്ഷണമെത്തുന്നുവെന്ന് ഉറപ്പുവരുത്തണം. വീടുകളില്‍ ഐസലേഷനില്‍ കഴിയുന്നവര്‍ക്കുള്ള സപ്ലൈക്കോ കിറ്റ് വിതരണത്തിന് നിരീക്ഷണത്തിലുള്ള ആളുകളുടെ കുടുംബങ്ങള്‍ തിരിച്ചുള്ള കണക്ക് ഗ്രാമപഞ്ചായത്ത് തയ്യാറാക്കണം. വീടുകളില്‍ നിരീക്ഷണത്തിലുള്ളവര്‍ക്കുള്ള കിറ്റ് പാക്കിംഗ് പൂര്‍ത്തിയായിവരുന്നു.
വൃദ്ധസദനങ്ങള്‍ക്കും മറ്റും സൗജന്യ അരി എത്തിക്കുന്നതിന് പഞ്ചായത്ത് സെക്രട്ടറിമാര്‍ വൃദ്ധസദനങ്ങളില്‍ ഉള്ളവരുടെ കണക്ക് തയ്യാറാക്കി അവര്‍ ഇതിന് അര്‍ഹരെന്ന് കാട്ടി സാക്ഷ്യപത്രം താലൂക്ക് സപ്ലൈ ഓഫീസര്‍ക്ക് നല്‍കണം. വൃദ്ധസദനത്തിലെ ഒരു അംഗത്തിന് അഞ്ചുകിലോ സൗജന്യ അരി എന്ന കണക്കിലാണ് വിതരണം.
ഏപ്രില്‍ 14 നുശേഷം കൂടുതല്‍ ആളുകള്‍ വിദേശങ്ങളില്‍ നിന്നും മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും എത്താന്‍ സാധ്യതയുള്ളതിനാല്‍ ഇവരെ ഐസലേഷനില്‍ നിരീക്ഷിക്കാന്‍ കൂടുതല്‍ സംവിധാനം ഒരുക്കുന്നതിന്റെ ഭാഗമായി ഗ്രാമപഞ്ചായത്തുകളില്‍ ഓരോ പഞ്ചായത്തിലും 100 മുറികള്‍ കണ്ടെത്തണം. ഇതിന് ആള്‍താമസം ഇല്ലാത്ത വീടുകള്‍ കണ്ടെത്തിവയ്ക്കേണ്ടതുണ്ട്. ഇതിന് ഗ്രാമപഞ്ചായത്ത് സെക്രട്ടറി നടപടി സ്വീകരിക്കണം. കൊറോണ പ്രതിരോധത്തിന്റെ ഭാഗമായി പ്രായമായവരും ഐസ്വലേഷനിലുള്ളവരും പൂര്‍ണമായും വീടുകളില്‍ കഴിയുന്നു എന്ന് ഉറപ്പുവരുത്തണം. അതിനുള്ള വിപുലമായ പദ്ധതി തയ്യാറായി വരുന്നു. ഇത് ഉടന്‍ അറിയിക്കും.
ജില്ലയിലെ ഗ്രാമപഞ്ചായത്തുകളിലെ ടെക്നിക്കല്‍ അസിസ്റ്റന്റിനെ കോവിഡ് ട്രാക്കറിന്റെ ഭാഗമായി പ്രാഥമിക ആരോഗ്യ കേന്ദ്ര(പി.എച്ച്.സി)ങ്ങളില്‍ വിടുകയും ഡേറ്റ എന്‍ട്രി നടത്തുകയും വേണമെന്ന് ജില്ലാ കളക്ടര്‍ നിര്‍ദേശിച്ചു. വീഡിയോ കോണ്‍ഫറന്‍സില്‍ പഞ്ചായത്ത് ഡെപ്യുട്ടി ഡയറക്ടര്‍ സൈമ, ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.