കോഴിക്കോട് : സമാന്തര ടെലിഫോണ്‍ എക്സ്ചേഞ്ച് കേസ് അന്വേഷണം പുതിയ വഴിത്തിരിവിലേക്ക്. കേസിലെ പ്രതി കെ.ടി റമീസിലേക്കാണ് ഇപ്പോള്‍ അന്വേഷണം എത്തി നില്‍ക്കുന്നത്. താന്‍ നിരവധി തവണ സ്വര്‍ണം കെടി റമീസിന് വേണ്ടി കടത്തിയിട്ടുണ്ടെന്ന് തെലങ്കാനയില്‍ സമാനകേസില്‍ പിടിയിലായ തൊടുപുഴ സ്വദേശി റസല്‍ മൊഴി നല്‍കി.
റസലിനെ വൈകാതെ ഹൈദരാബാദിലെത്തി അന്വേഷണ സംഘം ചോദ്യം ചെയ്യും. കെ.ടി റമീസ് കസ്റ്റംസും എന്‍ഐഎയും എന്‍ഫോഴ്സമെന്‍റും തിരുവനന്തപുരം വിമാനത്താവളത്തിലൂടെ നയതന്ത്ര ബാഗേജ് മറയാക്കി സ്വര്‍ണം കടത്തിയ കേസിലെ പ്രതിയാണ്. ഹൈദരാബാദില്‍ സമാന്തര ടെലിഫോണ്‍ എക്സ്ചേഞ്ച് നടത്തിയതിന് അറസ്റ്റിലായ റസല്‍ തെലങ്കാന പോലീസിന് നല്‍കിയ മൊഴില്‍ ആണ് റമീസിന് വേണ്ടി സ്വര്‍ണം കടത്തിയ കാര്യം പറഞ്ഞത്. റസലിന്റെ കൂട്ടുപ്രതിയും ഇപ്പോള്‍ ഒളിവില്‍ കഴിയുന്നയാളുമായ സലീമിന് കസ്റ്റഡിയിലുള്ള കേസിലെ മുഖ്യപ്രതി ഇബ്രാഹിം പുല്ലാട്ടിലുമായി ബന്ധമുണ്ടെന്ന് അന്വേഷണ സംഘം കരുതുന്നു.