കോഴിക്കോട് : കോഴിക്കോട്ടേയും ബെംഗളൂരുവിലേയും സമാന്തര ടെലിഫോണ്‍ എക്‌സ്‌ചേഞ്ചുകള്‍ക്ക് സിം കാര്‍ഡുകള്‍ എത്തിച്ച് നല്‍കിയിരുന്നത് തൊടുപുഴ സ്വദേശി മുഹമ്മദ് റസല്‍. തെലങ്കാനയില്‍ സമാന്തര ടെലിഫോണ്‍ എക്‌സ്‌ചേഞ്ച് കേസില്‍ റസല്‍ റിമാന്‍ഡിലാണിപ്പോള്‍. തിരുവനന്തപുരത്ത് നയതന്ത്രചാനല്‍ വഴി സ്വര്‍ണം കടത്തിയ കേസിലെ പ്രധാന പ്രതികളിലൊരാളുടെ വലം കൈയ്യാണ്. അതേസമയം കേരളത്തില്‍ ഇപ്പോഴും നൂറ്റിയന്‍പതോളം സ്ഥലത്ത് ഇപ്പോഴും സമാന്തര സംവിധാനം പ്രവര്‍ത്തിക്കുന്നതായി ക്രൈംബ്രാഞ്ചിന് വിവരം ലഭിച്ചു.
സമാന്തര ടെലിഫോണ്‍ എക്‌സ്‌ചേഞ്ചുകളുടെ പ്രവര്‍ത്തനത്തിനായി ഉപയോഗിച്ചിരുന്ന 750 ഓളം സിമ്മുകളാണ് കോഴിക്കോട് നിന്ന് മാത്രം കണ്ടെടുത്തത്. വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളിലുള്ളവരുടെ പേരിലെടുത്ത സിം കാര്‍ഡുകള്‍ മുഹമ്മദ് റസല്‍ ആണ് എല്ലായിടത്തും എത്തിച്ചിരുന്നത്. തെലുങ്കാനയില്‍ രണ്ടിടത്ത് സമാന്തര ടെലിഫോണ്‍ എക്‌സ്‌ചേഞ്ച് പിടികൂടിയ കേസില്‍ ഒരുമാസം മുമ്പാണ് റസല്‍ അറസ്റ്റിലായത്. നേരത്തെ സ്വര്‍ണക്കടത്തായിരുന്നു. കോഴിക്കോട് കേസില്‍ പിടിയിലാകാനുള്ള ഷബീറാണ് റസലിനെ സമാന്തര ടെലിഫോണ്‍ എക്‌സ്‌ചേഞ്ച് സംഘത്തിനൊപ്പം ചേര്‍ത്തത്.