പത്തനംതിട്ട : “വിണ്ടെടുക്കാം വലിയ തോടിനെ കൈകോർക്കാം തെളി നിരിനായ് ” എന്ന് പ്രഖ്യാപിച്ചു കൊണ്ട് ഡിവൈഎഫ്ഐ പത്തനംതിട്ട ജില്ലാ കമ്മറ്റിയുടെയും യൂത്ത് ബ്രിഗേഡ് ന്മാരുടെയും ബഹുജനങ്ങളുടെയും നേതൃത്വത്തിൽ ശുചീകരിച്ച പറന്തൽ – മുക്കോടി – കരിങ്ങാലി വലിയ തോട് നാടിന് സമർപ്പിച്ചു. രണ്ടായിരത്തോളം വരുന്ന യൂത്ത് ബ്രിഗേഡ് ന്മാരുടെയും മണ്ണു മാന്തിയും യന്ത്ര സാമഗ്രികളും ഉപയോഗിച്ചാണ് ആറു കിലോമീറ്റർ ദൂരം വരുന്ന പറന്തൽ മുക്കോടി കരിങ്ങാലി വലിയത്തോട് ശുചീകരണം നടത്തിയത്. കൊടുമൺ പഞ്ചായത്തിലെ മുല്ലോട്ടു ഡാമിൽ നിന്നു ഉത്ഭവിക്കുന്ന തോട് തട്ടയിൽ വെച്ചു രണ്ടു ശാഖകളായി തിരിഞ്ഞു ഒരു ശാഖ വലിയ തോടായി പറന്തൽ – കുരമ്പാല മുക്കോടി – കുടശ്ശനാട് വഴി കരിങ്ങാലി പുഞ്ച വഴി അച്ചൻകോവിലാറ്റിൽ പതിക്കുന്നു. തോട്ടുക്കര പാടശേഖരം, പുതു വാക്കൽ പാടശേഖരം, മണ്ണിചിറ പാടശേഖരം, തോണ്ടുകണ്ടം പാടശേഖരം തുടങ്ങിയ പാടശേഖരങ്ങളുടെ ജീവനാഡിയായിരുന്നു പറന്തൽ – മുക്കോടി – കരിങ്ങാലി വലിയ തോട്. എന്നാൽ ഇന്ന് മണ്ണു നിറഞ്ഞു ദുർഗന്ധം വമിക്കുന്ന മാലിന്യ കൂമ്പാരമായി നിരൊഴുക്ക് തടസ്സപ്പെട്ടു കിടക്കുകയായിരുന്ന വലിയത്തോട്ടിലെ പറന്തൽ മുതൽ കുടശ്ശനാട് തോട്ടു കണ്ടം വരെയുള്ള ആറു കിലോമീറ്ററ്റോളം നീളം വരുന്ന തോടാണ് മാലിന്യം മാറ്റിയും കാട് തെളിച്ചും ചെളി മാറ്റിയും വ്യത്തിയാക്കിയത്.
മണ്ണ് മാന്തിയുപയോഗിച്ച് ചെളി മാറ്റിയപ്പോൾ യൂത്ത് ബിഗേഡ് പ്രവർത്തകരും സന്നദ്ധ പ്രവർത്തകരും തീരത്തെ കാടും പുല്ലും വെട്ടി വ്യത്തിയാക്കി. തൊഴിലുറപ്പു തൊഴിലാളികളും നാട്ടുകാരും പ്രവർത്തകർക്കൊപ്പം തോളോടുതോൾ ചേർന്നു നിന്നായിരുന്നു പ്രവർത്തനം വിജയിപ്പിച്ചത്. പറന്തൽ മുതൽ കുടശ്ശനാട് തോണ്ടുകണ്ടം പാലം വരെയുള്ള പന്തളം നഗരസഭയിലെ 15, 16, 17, 18, 19, 20, വാർഡുകളിൽ വ്യാപിച്ചു കിടക്കുന്ന പ്രദേശങ്ങളെ 7 ഭാഗങ്ങളായി തിരിച്ചാണ് ശുചീകരണം നടത്തിയത്. ശുചീകരണ പ്രവർത്തനങ്ങൾ വിജയിപ്പിക്കുന്നതിനു ആർ ജ്യോതികുമാർ ചെയർമാനും എൻസി അഭീഷ് കൺവീനർ ആയുള്ള 501 അംഗ സംഘാടക സമിതിയും വാർഡ് തല സംഘാടക സമിതിയും പ്രവർത്തിച്ചിരുന്നു. ഈ പരിപാടി വിജയിപ്പിക്കുന്നതിന് പുഴനടത്തം ഉൾപ്പെടെയുള്ള പരിപാടി സംഘടിപ്പിച്ചിരുന്നു. ശുചീകരണം പൂർത്തികരിച്ച പറന്തൽ – കരിങ്ങാലി വലിയ തോട് ഡി വെെ എഫ് ഐ
നാടിന് സമർപ്പിച്ചു. കുടശ്ശനാട് തോണ്ടു കണ്ടം പാലത്തിന് സമീപത്ത് വെച്ച് സംഘടിപ്പിച്ച ചടങ്ങിൽ. ഡി.വൈ.എഫ്.ഐ സംസ്ഥാന സെക്രട്ടറി വി.കെ സനോജ് തോട് നാടിന് സമർപ്പിച്ചു.
ചടങ്ങിൽ ഡി വെെ എഫ് ഐ പത്തനംതിട്ട ജില്ല പ്രസിഡണ്ട് എം സി അനീഷ് കുമാർ അധ്യക്ഷത വഹിച്ചു. സംസ്ഥാന പ്രസിഡണ്ട് വി വസീഫ്, സി പി ഐ(എം) സംസ്ഥാന കമ്മിറ്റി അഗം കെ പി ഉദയഭാനു, സി പി ഐ(എം) ജില്ലാ സെക്രട്ടറി രാജു എബ്രഹാം, സി ഐ ടി യു സംസ്ഥാന വൈസ് പ്രസിഡന്റ് പി ബി ഹർഷകുമാർ, ഡി വൈ എഫ് ഐ കേന്ദ്ര കമ്മിറ്റി അഗം ആർ. ശ്യാമ, ഡി വൈ എഫ് ഐ ജില്ലാ സെക്രട്ടറി ബി നിസാം, സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം പി പി ഷൈജു, സി പി ഐ(എം) ജില്ലാ കമ്മിറ്റി അഗം ലസിതടീച്ചർ, സി പി ഐ(എം) പന്തളം ഏരിയ സെക്രട്ടറി ആർ. ജ്യോതി കുമാർ, കുരമ്പാല ലോക്കൽ കമ്മിറ്റി സെക്രട്ടറി ജി ദീപു, ഡി വൈ എഫ് ഐ സംസ്ഥാന കമ്മറ്റി അംഗങ്ങളായ എം അനീഷ്, ജോബി ടി ഈശോ, ജില്ല ജോയിൻ സെക്രട്ടറി എൻ സി അഭീഷ് എന്നിവർ സംസാരിച്ചു.