തിരുവനന്തപുരം : ഷാരോൺ വധത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. ഷാരോണിനെ കൊലപ്പെടുത്തിയത് ഗ്രീഷ്മ ഒറ്റയ്ക്കല്ലെന്നും മറ്റുള്ളവരുടെ സഹായം കൂടി ഗ്രീഷ്മയ്ക്ക് ലഭിച്ചിട്ടുണ്ടെന്നുമുള്ള സൂചനകളാണ് ഇപ്പോൾ പുറത്തു വരുന്നത്. ഇതുമായി ബന്ധപ്പെട്ട് നാലു പേരെ അന്വേഷണ സംഘം ചോദ്യം ചെയ്യുകയാണ്. ഗ്രീഷ്മയുടെ മാതാപിതാക്കളെയും, അമ്മാവനെയും ബന്ധുവായ യുവതിയേയുമാണ് ഇപ്പോൾ ചോദ്യം ചെയ്യുന്നതെന്നാണ് സൂചനകൾ. നാലിടത്തായിട്ടാണ് ഇവരെ ചോദ്യം ചെയ്യുന്നത്.
ഷാരോണിൻ്റെ കൊലപാതകത്തിൽ ഗ്രീഷ്‌മയുടെ മാതാപിതാക്കൾക്കും പങ്കുണ്ടെന്ന് ഷാരോണിൻ്റെ ബന്ധുക്കൾ ആരോപിച്ചിരുന്നു. ഗ്രീഷ്മയുമായുള്ള ബന്ധം ഷാരോൺ തുടരുന്നതിൽ വൻ എതിർപ്പാണ് പെൺകുട്ടിയുടെ വീട്ടുകാരിൽ നിന്നും ഉണ്ടായത്. മകളുമായുള്ള ബന്ധത്തിൽ നിന്ന് പിന്മാറണമെന്നാവശ്യപ്പെട്ട് നേരത്തെ പ്രതിയുടെ അമ്മ ഷാരോണിനെയും മാതാപിതാക്കളെയും വിളിച്ചിരുന്നു. അതുകൊണ്ടുതന്നെ കൊലപാതകത്തിൽ ഗ്രീഷ്മയുടെ കുടുംബത്തിൻ്റെ പങ്ക് അന്വേഷണസംഘം തള്ളിക്കളയുന്നില്ല. അതേസമയം ഷാരോണിൻ്റെ കുടുംബത്തിൻ്റെ മൊഴിയെടുക്കാൻ രാവിലെ ഒമ്പതുമണിക്ക് പോലീസ് സ്റ്റേഷനിൽ ഹാജരാകണമെന്ന് അധികൃതർ നിർദേശം നൽകിയിട്ടുണ്ട്.
ഗ്രീഷ്മയ്ക്കും കുടുംബത്തിനും എതിരെ വലിയ ആരോപണങ്ങളാണ് ഷാരോണിൻ്റെ കുടുംബം ഉന്നയിച്ചത്. ഗ്രീഷ്മ പഠിച്ച കള്ളിയാണെന്നും യുവതിയുടെ അമ്മയ്ക്കും കൊലപാതകത്തിൽ പങ്കുണ്ടെന്ന് ഷാരോണിൻ്റെ പിതാവ് പറഞ്ഞിരുന്നു. വിഷം കലർത്താൻ ഗ്രീഷ്മയുടെ അമ്മയാണ് അവസരമൊരുക്കിയതെന്നും മകൻ വരുന്ന ദിവസം ഈ സ്ത്രീ വീട്ടിൽ നിന്ന് മാറിനിന്നുവെന്നും അദ്ദേഹം ആരോപിച്ചിരുന്നു.
ഷാരോണ്‍ രാജിൻ്റെ അവസാന ശബ്ദസന്ദേശവും കാമുകിയുമായി നടത്തിയ ജ്യൂസ് ചലഞ്ചിന്‍റെ ദൃശ്യങ്ങളും പുറത്തുവന്നതോടെയാണ് സംശയ മുനകള്‍ കാമുകിയിലേക്ക് നീങ്ങിയത്. തുടര്‍ന്ന് നടത്തിയ ചോദ്യം ചെയ്യലില്‍ ഗ്രീഷ്മയുടെ മൊഴിയില്‍ വൈരുദ്ധ്യമുണ്ടായതാണ് വഴിത്തിരിവായത്. പിന്നാലെ തുടര്‍ ചോദ്യങ്ങള്‍ക്ക് മുമ്പില്‍ ഗ്രീഷ്മ പതറുകയായിരുന്നു. ഒടുവിൽ കഷായത്തിൽ വിഷം കലർത്തി ഷാരോണിനെ കൊലപ്പെടുത്തിയ കാര്യം ഗ്രീഷ്മ സമ്മതിക്കുകയായിരുന്നു.
ഷാരോണിനെ വിവാഹത്തിൽ നിന്നൊഴിവാക്കാൻ പല വിദ്യകളും ഗ്രീഷ്മ നോക്കിയിരുന്നു. ജാതകവശാൽ ആദ്യഭർത്താവ് വാഴില്ലെന്ന ജ്യോതിഷ പ്രവചനവും ഗ്രീഷ്മ ഷാരോണിനോട് പറഞ്ഞിരുന്നു. എന്നാൽ ഷാരോൺ പിൻമാറാൻ തയ്യാറല്ലായിരുന്നു. ഷാരോൺ ഒഴിയില്ലെന്ന് മനസ്സിലാക്കിയാണ് താൻ കൊലപാതകം നടത്താൻ തീരുമാനിച്ചതെന്നാണ് ഗ്രീഷ്മ അന്വഷണ സംഘത്തോട് പറഞ്ഞത്. ഷാരോണുമായുള്ള വിവാഹത്തിന് വീട്ടുകാർ നേരത്തെ വിസമ്മതിച്ചിരുന്നു. ഇതോടെ ഗ്രീഷ്മയുടെയും മനസ്സുമാറി. പ്രണയത്തിൽ നിന്നൊഴിവാകാൻ ഗ്രീഷ്മ പല ശ്രമങ്ങളും നടത്തിയെങ്കിലും ഷാരോൺ പിൻമാറിയില്ല. ഷാരോണിൻ്റെ ആ ഉറച്ച തീരുമാനം അവസാനം സ്വന്തം ജീവൻ നഷ്ടപ്പെടുത്തുന്ന സാഹചര്യത്തിലേക്ക് എത്തിക്കുകയായിരുന്നു.
അതേസമയം കഴിഞ്ഞ ദിവസം രാത്രി ഗ്രീഷ്മയുടെ വീടിന് നേരെ അജ്ഞാതർ കല്ലേറിഞ്ഞു. പൂമ്പള്ളിക്കോണം എന്ന പ്രദേശത്തെ ഗ്രീഷ്മയുടെ ശ്രീനിലയം എന്ന വീടിന് നേരെയാണ് ആക്രമണമുണ്ടായത്. ജനൽച്ചില്ലുകൾ തകർന്നു. യുവതിയുടെ വീടിന്‍റെ ഗേറ്റ് അകത്ത് നിന്നും പൂട്ടിയ നിലയിലാണ്. എന്നാൽ കുടുംബം വീടിനുള്ളിലുണ്ടെന്നാണ് സൂചനകൾ.