കോഴിക്കോട്: പത്ത് വയസ്സുള്ള സഹോദരിയെയും കൂട്ടുകാരികളെയും ഉടന്‍ അറസ്റ്റ് ചെയ്യണമെന്ന പരാതിയുമായി പോലീസിനെ സമീപിച്ച് മൂന്നാംക്ലാസുകാരന്‍. വീടിന് മുന്നിലൂടെ നടന്ന് പോയ ജനമൈത്രി പോലീസുകാര്‍ക്കാണ് കുട്ടി പരാതി നല്‍കിയത്. ഇംഗ്ലീഷില്‍ ചേച്ചിയെയും സുഹൃത്തുക്കളെയും ഉടന്‍ അറസ്റ്റ് ചെയ്യണമെന്നായിരുന്നു പരാതി. സഹോദരി ഉള്‍പ്പെടെ അഞ്ചുപേരുടെയും പ്രായവും പേരും പരാതിയിലുണ്ടായിരുന്നു. ഒപ്പം പരാതിക്കാരന്റെ പൂര്‍ണ മേല്‍വിലാസവും.
തുടര്‍ന്ന് പരാതിക്കാരനെയും സഹോദരി ഉള്‍പ്പെടെ അഞ്ച് പേരെയും രക്ഷിതാക്കളുടെ സഹായത്തോടെ കസബ പോലീസ് സ്റ്റേഷനില്‍ വിളിച്ചുവരുത്തി. കാര്യം തിരക്കി. തന്നെ കളിക്ക് കൂട്ടുന്നില്ലെന്നും ചേച്ചിയുള്‍പ്പെടെയുള്ളവര്‍ കളിയാക്കുകയാണെന്നുമായിരുന്നു പരാതിക്കാരന്റെ ആവലാതി.
തുടര്‍ന്ന് കസബ സ്‌റ്റേഷനിലെ സീനിയര്‍ സിവില്‍ പോലീസ് ഓഫീസര്‍മാരായ ഉമേഷ്, കെ ടി നിറാസ് എന്നിവര്‍ അവസാനം മധ്യസ്ഥശ്രമം നടത്തി പ്രശ്‌നം പരിഹരിക്കാന്‍ തീരുമാനിച്ചു. പരാതിക്കാരനെയും സഹോദരിയെയും കൂട്ടുകാരികളെയും ഒന്നിച്ചിരുത്തി ഉടമ്പടിയുണ്ടാക്കി. കളിക്ക് കൂട്ടാമെന്നും കളിയാക്കില്ലെന്നും പോലീസുകാരുടെ സാന്നിധ്യത്തില്‍ ഉറപ്പുലഭിച്ച പരാതിക്കാരന്‍ സന്തോഷത്തോടെ രക്ഷിതാക്കള്‍ക്കും സഹോദരിക്കുമൊപ്പം വീട്ടിലേക്ക് പോയി.