ചെന്നൈ : തമിഴ്നാട് കള്ളാക്കുറിച്ചിയിൽ ആത്മഹത്യ ചെയ്ത പ്ലസ് ടു വിദ്യാർത്ഥിനിയുടെ മൃതശരീരം ഏറ്റുവാങ്ങാൻ തയ്യാറാണെന്ന് മാതാപിതാക്കൾ മദ്രാസ് ഹൈക്കോടതിയെ അറിയിച്ചു. പോസ്റ്റ്‍മോർട്ടത്തിന് ശേഷം ഉടൻ സംസ്കരിക്കണം എന്നായിരുന്നു ഹൈക്കോടതി നിർദേശമെങ്കിലും ഏറ്റുവാങ്ങാൻ ആളെത്താത്തതിനാൽ പെൺകുട്ടിയുടെ മൃതദേഹം കള്ളക്കുറിച്ചി ജനറൽ ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്. പെൺകുട്ടിയുടെ രണ്ട് പോസ്റ്റ്‍മോർട്ടം റിപ്പോർട്ടുകളും കേസ് പരിഗണിച്ച മദ്രാസ് ഹൈക്കോടതി ജസ്റ്റിസ് എൻ.സതീഷ് കുമാർ പരിശോധിച്ചു.
പെൺകുട്ടി താഴേക്കുചാടി ജീവനൊടുക്കിയ സ്കൂൾ ഹോസ്റ്റലിന്‍റെ മുകളിൽ നിന്ന് ഡമ്മി ഉപയോഗിച്ചുള്ള തെളിവെടുപ്പടക്കം സിബിസിഐഡി നടത്തി. കുട്ടിയുടെ ശരീരത്തിലെ പരിക്കുകളും ഡമ്മിക്കുണ്ടായ കേടുപാടും തമ്മിൽ സാമ്യമുണ്ടെന്നാണ് വിവരം. ആത്മഹത്യാക്കുറിപ്പിന്‍റെ ഫോറൻസിക്, കയ്യക്ഷര പരിശോധനകളും നടത്തി.