കൊൽക്കത്ത: മകൾ അന്യമതത്തിൽപ്പെട്ട ഒരാളോടൊപ്പം ഒളിച്ചോടിപ്പോയി വിവാഹം കഴിച്ചതിനെത്തുടർന്ന്, ജീവിച്ചിരിക്കുന്ന മകളുടെ മരണാനന്തരകർമ്മം നടത്തി മാതാപിതാക്കൾ. പശ്ചിമ ബംഗാളിലെ നാദിയ ജില്ലയിലാണ് സംഭവം. മറ്റൊരു മതത്തിൽപ്പെട്ടയാളെ വിവാഹം കഴിച്ച മകൾ തങ്ങളെ സംബന്ധിച്ചിടത്തോളം മരിച്ചതിന് തുല്യമാണെന്നും അതിനാലാണ് അവളുടെ ശ്രാദ്ധ ചടങ്ങ് നടത്തിയതെന്നും വീട്ടുകാർ പറഞ്ഞു. കോളജ് വിദ്യാർത്ഥിനിയായ യുവതി, പുരുഷനൊപ്പം പോയി വിവാഹം കഴിച്ചതിന് 12 ദിവസത്തിന് ശേഷമാണ് ശ്രാദ്ധം നടത്തിയത്. യുവതിയുടെ പ്രവൃത്തി കുടുംബത്തിന് അപമാനമാണ്. അവൾ ഞങ്ങൾക്ക് മരിച്ചതുപോലെയാണ്.
ഞങ്ങൾ അവളുടെ വിവാഹം നിശ്ചയിച്ചിരുന്നു, പക്ഷേ അവൾ ഞങ്ങളെ ഉപേക്ഷിച്ച് അവളുടെ വഴിക്ക് പോയി. പോയത് പോയി. യുവതിയുടെ അമ്മാവൻ സോമനാഥ് ബിശ്വാസ് പറഞ്ഞു. തല മൊട്ടയടിക്കുന്നത് ഉൾപ്പെടെ ‘ശ്രാദ്ധ’ത്തിന്റെ എല്ലാ ആചാരങ്ങളും ചടങ്ങിൽ നടത്തിയിരുന്നു. പുരോഹിതൻ ചടങ്ങ് നടത്തിയ സ്ഥലത്ത് സ്ത്രീയുടെ മാല ചാർത്തിയ ഫോട്ടോയും സ്ഥാപിച്ചിരുന്നു. അവളുടെ എല്ലാ സ്വകാര്യ വസ്തുക്കളും കത്തിച്ചു കളഞ്ഞതായി യുവതിയുടെ അമ്മ പറഞ്ഞു. മറ്റൊരാളുമായി യുവതിയുടെ വിവാഹം വീട്ടുകാർ ഉറപ്പിച്ചിരുന്നു. എന്നാൽ പെൺകുട്ടി ഇത് ഇഷ്ടപ്പെട്ടിരുന്നില്ല.
ഇതേച്ചൊല്ലി വീട്ടിൽ വഴക്കും ഉണ്ടായിരുന്നു. ഇതിനു പിന്നാലെയാണ് പെൺകുട്ടി മറ്റൊരു മതത്തിൽപ്പെട്ട കാമുകനൊപ്പം പോയത്. പെൺകുട്ടിയുടെ പിതാവ് വിദേശത്താണ് ജോലി ചെയ്യുന്നത്. വീട്ടുകാരുടെ ഇഷ്ടത്തിനൊപ്പമായിരുന്നു അയാളും നിന്നിരുന്നത്. പെൺകുട്ടി ഒളിച്ചോടി പോയി വിവാഹം കഴിച്ചതിനെപ്പറ്റി അറിഞ്ഞിരുന്നുവെന്നും, എന്നാൽ പ്രായപൂർത്തിയായവർ ആയതിനാൽ തങ്ങൾക്ക് ഒന്നും ചെയ്യാനില്ലെന്നും പ്രദേശത്തെ പൊലീസ് ഓഫീസർ പറഞ്ഞു. ഈ സംഭവത്തിൽ തങ്ങൾക്ക് ആരും പരാതി നൽകിയിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.