കൊച്ചി : എഴ് വര്‍ഷത്തിനിപ്പുറവും സിഎ വിദ്യാര്‍ഥി മിഷേലിന്റെ മരണം ദുരൂഹമായി തന്നെ തുടരുകയാണ്. ആത്മഹത്യയെന്ന് ലോക്കല്‍ പോലീസ് തീര്‍പ്പ് കല്‍പ്പിച്ച കേസില്‍ നീതിക്കായി മിഷേലിന്‍റെ കുടുംബം ഇന്നും പോരാടുകയാണ്. ഇരുപത്തിയാറാം ജൻമ ദിനത്തിൽ മിഷേലിന്റെ മാതാപിതാക്കൾ കല്ലറയ്ക്കു മുന്നിൽ പ്രതിഷേധമിരിക്കുകയാണ്. ഏഴ് വര്‍ഷം കഴിഞ്ഞു ഇന്നും ഷാജി വര്‍ഗീസിന്‍റെ കണ്ണുകളിലുണ്ട് സ്വന്തം ചോരയെ നഷ്ടപ്പെട്ടതിന്‍റെ തീരാവേദന. വളര്‍ത്തി വലുതാക്കിയ മകള്‍ ഒപ്പമില്ലെന്ന യാഥാര്‍ഥ്യം ഈ നിമിഷവും എണ്ണയ്ക്കാപ്പിള്ളില്‍ കുടുംബത്തിന് ഉള്‍ക്കൊള്ളാനായിട്ടില്ല. പിറവം മുളക്കുളം വടക്കേക്കര എണ്ണയ്ക്കാപ്പിള്ളില്‍ ഷാജി വര്‍ഗീസിന്‍റെയും ഷൈലമ്മയുടെയും മകളായ മിഷേല് ഷാജി, കച്ചേരിപ്പടി സെന്‍റ് തെരേസാസ് ഹോസ്റ്റലില്‍ താമസിച്ച് സിഎ പഠനം തുടകുയായിരുന്നു.
2017 മാര്‍ച്ച് 4ന് കലൂര്‍ സെന്റ് ആന്റണീസ് പള്ളിയിലെത്തി പ്രാർത്ഥിച്ച് മടങ്ങുന്നതിന്‍റെ സിസിടിവി ദൃശ്യങ്ങളിലാണ് മിഷേലിനെ അവസാനമായി ജീവനോടെ കണ്ടത്. പിറ്റേദിവസം ഐലന്‍ഡിലെ വാര്‍ഫിനോട് ചേര്‍ന്ന് കൊച്ചി കായലില്‍ മിഷേലിന്‍റെ മൃതദേഹം പൊങ്ങി. ഗോശ്രീ പാലത്തിന്‍റെ ഭാഗത്തേക്ക് മിഷേല്‍ നടന്നു പോകുന്നുവെന്ന തരത്തിലൊരു സിസിടിവി ദൃശ്യം പിന്നാലെ പുറത്തുവന്നു. മിഷേലിനെ പാലത്തിനടുത്ത് കണ്ടെന്ന സാക്ഷിമൊഴിയും ഉണ്ടായി. ഇതെല്ലാം വിലയിരുത്തിയതിന്റെ അടിസ്ഥാനത്തിൽ പാലത്തിന് മുകളില്‍ നിന്ന് കായലിലേക്ക് ചാടി മിഷേല്‍ ജീവനൊടുക്കിയെന്നായിരുന്നു ലോക്കല്‍ പോലീസിന്‍റെ കണ്ടെത്തല്‍.