കൊല്ലം: വ്യത്യസ്ഥ സംഭവങ്ങളിലായി കൊല്ലം പാരിപ്പള്ളിയില്‍ നാലുപേര്‍ക്ക് അക്രമികളുടെ വെട്ടേറ്റു. കല്ലുവാതുക്കല്‍ ഊഴായിക്കോട് പണം കടം നല്‍കാത്തതിലുള്ള വിരോധം മൂലമാണ് മൂന്ന് പേര്‍ക്ക് വെട്ടേറ്റത്. ഊഴായിക്കോട് അയിരുമൂല രാജി ഭവനില്‍ രാജന്റെ മകന്‍ രാജേഷ് (35), സഹോദരിയുടെ മക്കളായ വിപിന്‍ (17), വിജിന്‍ എന്നിവര്‍ക്കാണ് വടിവാള്‍ കൊണ്ടുള്ള വെട്ടേറ്റത്. രാജേഷിന് തലയ്ക്കും കൈയ്ക്കും ഗുരുതരമായി പരിക്കേറ്റു. ആക്രമണത്തില്‍ വിപിന്റെ കൈവിരലുകള്‍ അറ്റുപോയി. പരിക്കേറ്റവരെ തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചു. സംഭവവുമായി ബന്ധപ്പെട്ട് പ്രദേശവാസികളായ ശരത് ബാബു എന്ന കൊച്ചുകുട്ടന്‍, ജോബിന്‍ എന്നിവര്‍ക്കെതിരെ പാരിപ്പള്ളി പോലീസ് കേസെടുത്തു. പ്രതികള്‍ ഒളിവിലാണെന്നും ഇവര്‍ക്ക് വേണ്ടി അന്വേഷണം ഊര്‍ജിതമാക്കിയതായും പാരിപ്പള്ളി പോലീസ് അറിയിച്ചു. കോവിഡിന്റെ പശ്ചാത്തലത്തില്‍ 144 നിലനില്‍ക്കുന്ന പ്രദേശത്താണ് അക്രമം അരങ്ങേറിയത്.
പാമ്പുറത്ത് ഭാര്യാപിതാവിനെ മരുമകന്‍ വെട്ടിവീഴ്ത്തിയതാണ് നാലാമത്തെ സംഭവം. പാമ്പുറം വി.പി നിവാസില്‍ യോഗാനന്ദനാണ് കൊടുവാള്‍ കൊണ്ട് കൈയ്ക്ക് വെട്ടേറ്റത്. സംഭവത്തില്‍ മരുമകനായ ചാവര്‍കോട് കാറ്റാടിമുക്ക് കൊച്ചുവിള വീട്ടില്‍ സദാനന്ദന്റെ മകന്‍ സുനില്‍ കുമാറിനെ (46) പാരിപ്പള്ളി എസ്‌ഐ നൗഫലിന്റെ നേതൃത്വത്തില്‍ കൈയോടെ പിടികൂടി. രാവിലെ പശുവിനെ കറക്കാന്‍ ഇറങ്ങിയപ്പോഴാണ് മറഞ്ഞിരുന്ന പ്രതിയുടെ ആക്രമണം. പെയിന്റിംഗ് തൊഴിലാളിയായ പ്രതി ഭാര്യയുമായി അകന്ന് കഴിയുകയായിരുന്നു. പരിക്കേറ്റ യോഗാനന്ദനെ പാരിപ്പള്ളി മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചു.