റാന്നി : സ്കൂളിന്‍റെ മുന്നിലെ സീബ്രാലൈനില്‍ ഭാരവാഹനങ്ങൾ അടക്കം പാർക്കിംങ്ങ് നടത്തുന്നത് പൊതുജനത്തിന് ബുദ്ധിമുട്ടുണ്ടാക്കുന്നു. റാന്നി പഴവങ്ങാടി ഗവ. യു.പി സ്കൂളിന് മുന്നിലെ സീബ്രാ ലൈനിലാണ് ഇത്തരത്തിൽ വാഹനങ്ങൾ പാർക്ക് ചെയ്യുന്നത്. ടോറസ് ലോറി, മണ്ണുമാന്തി യന്ത്രം അടക്കം വാഹനങ്ങളുടെ നീണ്ട നിരയാണ് എല്ലാ ദിവസവും ഇവിടെയുള്ളത്. സ്കൂളിൽ എത്തുന്ന കുട്ടികൾക്കും സമീപവാസികൾക്കും വാഹനങ്ങൾ ഇത്തരത്തിൽ പാർക്കു ചെയ്യുന്നതിനാൽ റോഡു മുറിച്ച് കടക്കാൻ പ്രയാസം നേരിടുകയാണ്. റോഡിൻ്റെ ഇരുവശങ്ങളിൽ നിന്നും വാഹനങ്ങൾ വരുന്നത് നിരീക്ഷിച്ച് കടക്കാനാകാത്തത് അപകട സാധ്യത വര്‍ദ്ധിപ്പിക്കുകയാണ്.
റാന്നിയിൽ സംസ്ഥാന പാതയുടെ നിർമ്മാണം പൂർത്തിയായതോടെ ഇട്ടിയപ്പാറ മുതൽ ബ്ലോക്കു പടി വരെ എല്ലാ ദിവസവും വാഹനങ്ങളുടെ നീണ്ട നിരയാണ്. ഇത്തരത്തിൽ വലിയ വാഹനങ്ങൾ അടക്കം പാർക്കു ചെയ്യുന്നതിനാൽ പല സ്ഥലത്തും ഗതാഗതതടസം നിത്യസംഭവമാണ്. റാന്നി ടൗണിലെ അനധികൃത പാർക്കിംങ്ങ് സംബന്ധിച്ച് നിരവധി പരാതികൾ ഉയർന്നിട്ടും അധികൃതരുടെ ഭാഗത്തു നിന്നും യാതൊരു നടപടിയും ഉണ്ടാകുന്നില്ലെന്നാണ് നാട്ടുകാരുടെ ആരോപണം.