കോഴിക്കോട്: നഗരത്തില്‍ രണ്ടിടത്ത് ബഹുനില റോബോട്ടിക് പാര്‍ക്കിങ് പ്ലാസ നിര്‍മിക്കുന്നതിന് നഗരസഭ കൗണ്‍സില്‍ യോഗം അംഗീകാരം നല്കി. ഇ.എം.എസ് സ്റ്റേഡിയം, മാനാഞ്ചിറ കിഡ്സണ്‍ കോര്‍ണര്‍ എന്നിവിടങ്ങളിലുള്ള നഗരസഭയുടെ സ്ഥലത്താണ് ബി.ഒ.ടി വ്യവസ്ഥയില്‍ അത്യാധുനിക പാര്‍ക്കിങ് പ്ലാസ നിര്‍മിക്കുന്നത്. കാഞ്ചിക്കോട്ടെ സ്റ്റാര്‍ട്ടപ്പായ നോവല്‍ ബ്രിഡ്ജസ് ആന്‍ഡ് ഇന്‍ഫ്രാസ്ട്രക്ച്ചര്‍ ഡെവലപ്പ്മെന്റ് ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡിനെയാണ് പദ്ധതി നടത്തിപ്പിനായി നഗരസഭ തെരഞ്ഞെടുത്തത്. കിഡ്സണ്‍ കോര്‍ണറില്‍ 22.70 സെന്റ് സ്ഥലത്ത് നിര്‍മിക്കുന്ന ബഹുനില പ്ലാസയില്‍ കുറഞ്ഞത് 320 കാറുകളും 180 സ്കൂട്ടറുകളും പാര്‍ക്കുചെയ്യാം. 136 സെന്റ് സ്ഥലത്ത് നിര്‍മിക്കുന്ന സ്റ്റേഡിയം പാര്‍ക്കിങ് പ്ലാസയുടെ ചെലവ് 116.6 കോടിയാണ് പ്രാഥമികമായി കണക്കാക്കിയത്. ഇവിടെ 640 കാറും 800 സ്കൂട്ടറുകളും പാര്‍ക്കുചെയ്യാം. രണ്ടിടങ്ങളിലും വാണിജ്യാവശ്യങ്ങള്‍ക്കും സ്ഥലമുണ്ടാകും.
പദ്ധതിയുടെ ട്രാന്സാക്ഷന് അഡ്വൈസറി സര്‍വ്വീസിനായി സെന്റര്‍ ഫോര്‍ മാനേജ്മെന്റ് ആന്‍ഡ് ഡവലപ്മെന്റിനെ സര്‍ക്കാര്‍ തന്നെ ചുമതലപ്പെടുത്തിയിട്ടുണ്ട്. നഗരസഭയുടെ ഭൂമി 30 വര്‍ഷത്തേക്ക് പാട്ടത്തിന് നല്‍കുക മാത്രമാണ് ചെയ്യുന്നത്. പാട്ടത്തുകയായി ഒരുകോടി രൂപ വീതം എല്ലാ വര്‍ഷവും നഗരസഭക്ക് ലഭിക്കുമെന്നും രണ്ടുവര്‍ഷത്തിനുള്ളില്‍ പദ്ധതി പൂര്‍ത്തിയാക്കുമെന്നും യോഗത്തില്‍ അധ്യക്ഷത വഹിച്ച മേയര്‍ തോട്ടത്തില്‍ രവീന്ദ്രന് പറഞ്ഞു. അതേസമയം ഒരു മുന്‍പരിചയവും സാമ്പത്തിക ഭദ്രതയുമില്ലാത്ത സ്റ്റാര്‍ട്ടപ് കമ്പനിയെ കോടികളുടെ പദ്ധതി ഏല്പിക്കുന്നതില് പ്രതിപക്ഷ അംഗങ്ങള്‍ ആശങ്ക അറിയിച്ചു. കിഫ്ബിയുടെ അംഗീകാരം ലഭിച്ച കോതി ആധുനിക അറവുശാലയുമായി ബന്ധപ്പെട്ട് പദ്ധതി നടത്തിപ്പ് ചുമതലയുള്ള ഇംപാക്ട് കേരളയുമായി ധാരണപത്രം ഒപ്പുവെക്കും. 10 കോടി ചെലവില്‍ 1.15 ഏക്കറിലാണ് പദ്ധതി യാഥാര്‍ഥ്യമാക്കുന്നത്. പദ്ധതി പുനരാലോചിക്കണമെന്ന് യു.ഡി.എഫിലെ സി. അബ്ദുറഹിമാന് ആവശ്യപ്പെട്ടു. പാളയം സബ്വേ പുനര്‍നിര്‍മിച്ച് പരിപാലിക്കുന്നതിന് മാക് സോള്‍ ആഡ് സൊലൂഷന്‍സിന് പത്ത് വര്‍ഷത്തേക്ക് കരാര്‍ നല്കി. ആദ്യത്തെ മൂന്നുവര്‍ഷം 1.10 ലക്ഷം രൂപയും അതിന് ശേഷം ഓരോ വര്‍ഷവും 1.6 ലക്ഷം രൂപയും കോര്പറേഷന് നല്‍കണം. സബ് വേയില്‍ ആറ് ചെറിയ കടകള്‍ സ്ഥാപിക്കാം.