ന്യൂഡല്‍ഹി : പാര്‍ലമെന്‍റിന്‍റെ ഇരു സഭകളും അനിശ്ചിതകാലത്തേക്ക് പിരിഞ്ഞു. പ്രതിപക്ഷ ബഹളത്തെ തുടര്‍ന്നാണ് സമ്മേളനകാലയളവ് പൂര്‍ത്തിയാകാന്‍ ഒരു ദിവസം ബാക്കിനില്‍ക്കെ പാര്‍ലമെന്‍റ് പിരിഞ്ഞത്. ഡിസംബര്‍ 23നാണ് പാര്‍ലമെന്‍റിന്‍റെ ശൈത്യകാല സമ്മേളനം അവസാനിക്കുന്നത്. 18 മണിക്കൂറും 48 മിനിറ്റും പ്രതിപക്ഷ പ്രതിഷേധം മൂലം പാഴായി പോയെന്ന് ലോക്സഭ സ്പീക്കര്‍ ഓം ബിര്‍ള പറഞ്ഞു. എന്നാല്‍, നിര്‍ണായകമായ ബില്ലുകളില്‍ ചര്‍ച്ച നടക്കുകയും പാസാക്കുകയും ചെയ്തു.
ഇതിനിടയില്‍ ഒമിക്രോണിലും കാലാവസ്ഥ വ്യതിയാനത്തിലും ചര്‍ച്ചയുണ്ടായെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. പ്രതീക്ഷിച്ച രീതിയില്‍ പ്രവര്‍ത്തനം രാജ്യസഭയിലുമുണ്ടായില്ലെന്ന് അധ്യക്ഷന്‍ വെങ്കയ്യ നായിഡു പറഞ്ഞു. പ്രവര്‍ത്തനം കുറച്ച് കൂടി മെച്ചപ്പെടുത്താമായിരുന്നുവെന്നും അദ്ദേഹം നിര്‍ദേശിച്ചു. കാര്‍ഷിക നിയമങ്ങളുടെ പിന്‍വലിക്കല്‍, വോട്ടേഴ്സ് ഐഡിയും ആധാര്‍ കാര്‍ഡും തമ്മില്‍ ബന്ധിപ്പിക്കുന്നതിനുള്ള ബില്‍. പെണ്‍കുട്ടികളുടെ വിവാഹപ്രായം ഉയര്‍ത്തുന്നതിനുള്ള ബില്‍ എന്നിവയാണ് സമ്മേളനകാലയളവില്‍ പരിഗണിച്ച പ്രധാന വിഷയങ്ങള്‍.