ചാത്തന്നൂര്‍ : പാരിപ്പള്ളിയിലെ സര്‍ക്കാര്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ കാത്ത് ലാബ് പൂര്‍ണസജ്ജമായി മാസങ്ങള്‍ കഴിഞ്ഞിട്ടും ഹൃദ്രോഗബാധിതരെ പ്രവേശിപ്പിക്കാന്‍ നടപടിയില്ല. കുറച്ചുനാളായി മുടങ്ങിക്കിടന്ന കാര്‍ഡിയോളജി ഒ.പി ഒരാഴ്ചമുന്‍പ് പുനരാരംഭിച്ചിരുന്നു. ചൊവ്വ, വ്യാഴം ദിവസങ്ങളില്‍ രാവിലെ 7.30 മുതലാണ് ഒ.പി പ്രവര്‍ത്തിക്കുന്നത്.
എന്നാല്‍ മെഡിസിന്‍ ഒ.പി ക്കൊപ്പം ഒരുഭാഗത്തുമാത്രമാണിത് പ്രവര്‍ത്തിക്കുന്നതെന്നും ഇവിടെനിന്ന് റഫര്‍ ചെയ്യുന്നവരെമാത്രമാണ് നോക്കുന്നതെന്നും പരാതിയുയരുന്നു. പുതുതായി എത്തിയ ഡോക്ടര്‍ പ്രവീണ്‍ വേലപ്പന്‍, ഡോക്ടര്‍
പ്രശോഭ് എന്നിവരുടെ നേതൃത്വത്തിലാണ് ഒ.പി നിലവില്‍ പ്രവര്‍ത്തിക്കുന്നത്. തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍നിന്ന് മൂന്ന് സീനിയര്‍ റെസിഡന്റുമാരെ ജോലിക്രമീകരണവ്യവസ്ഥയില്‍ നിയമിക്കാന്‍ ആരോഗ്യവകുപ്പ് ഉത്തരവിറക്കിയിരുന്നെങ്കിലും ഇതുവരെ ഇവരെ ഉള്‍പ്പെടുത്തി കാത്ത് ലാബ് പ്രവര്‍ത്തിപ്പിക്കാന്‍ നടപടിയുണ്ടായിട്ടില്ല.
എട്ടുകോടി ചെലവഴിച്ച് പാരിപ്പള്ളി ആശുപത്രിയില്‍ നിര്‍മാണം തുടങ്ങിയ കാത്ത് ലാബ് മൂന്നുമാസംമുന്‍പ് പണി പൂര്‍ത്തിയാക്കി. എന്നാല്‍ കോവിഡ് ചികിത്സാകേന്ദ്രമെന്ന പേരിന്റെ മറവില്‍ കാത്ത് ലാബിന്റെ പ്രവര്‍ത്തനം വൈകിപ്പിക്കുന്നതായാണ് ആക്ഷേപം.
ന്യൂറോ സര്‍ജന്റെ സേവനവും ആശുപത്രിയില്‍ ലഭ്യമായിട്ടില്ല. എല്ലാ ഭൗതികസാഹചര്യങ്ങളുമുണ്ടായിട്ടും മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ കാത്ത് ലാബ് പ്രവര്‍ത്തനം തുടങ്ങാത്തത് സ്വകാര്യ ആശുപത്രികളെ സഹായിക്കാനാണെന്ന ആക്ഷേപവും ഉയരുന്നുണ്ട്.
ദേശീയപാതയില്‍ കടമ്പാട്ടുകോണം മുതല്‍ മേവറംവരെയുണ്ടാകുന്ന വാഹനാപകടങ്ങളില്‍പ്പെടുന്നവരെ ഇവിടേക്ക് കൊണ്ടുവരുന്നുണ്ടെങ്കിലും പ്രാഥമിക പരിചരണംപോലും നല്‍കാന്‍ ജില്ലാ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ സംവിധാനമില്ലാത്ത അവസ്ഥയാണ്. അധികൃതരുടെ അനാസ്ഥ കാരണം നിലവിലുള്ള സംവിധാനം പോലും ഉപയോഗപ്പെടുന്നില്ല.
രാത്രിയില്‍ അത്യാഹിത വിഭാഗത്തിലെത്തുന്ന മിക്ക കേസുകളും തിരുവനന്തപുരത്തേക്ക് റഫര്‍ ചെയ്യുകയാണ്. കോവിഡ് ചികിത്സയ്ക്ക് ഏറെ പ്രശസ്തിയാര്‍ജിച്ച ആശുപത്രിയില്‍ പക്ഷേ തീവ്രഹൃദ്രോഗബാധയുമായി എത്തുന്ന കോവിഡ് രോഗികള്‍ക്ക് പൂര്‍ണമായ പരിചരണമൊരുക്കാന്‍ കഴിയുന്നില്ല. കോടികൾ മുടക്കി സജ്ജമാക്കിയ കാത്ത് ലാബിന്റെ പ്രവര്‍ത്തനം ആരംഭിക്കാന്‍ അധികൃതര്‍ നടപടിയെടുക്കണമെന്നാണ് ജനം ആവശ്യപ്പെടുന്നത്.