പയ്യന്നൂർ : പരശുറാം എക്സ്പ്രസ് എൽഎച്ച്ബി( ലിങ്ക് ഹൊഫ്മാൻ ബുഷ്) കോച്ചിലേക്ക് മാറുന്നു. മംഗളുരു- കന്യാകുമാരി (16649) പരശുറാം സെപ്റ്റംബർ 22 നും കന്യാകുമാരി- മംഗളുരു( 16650) സെപ്റ്റംബർ 23 നുമാണ് പരമ്പരാഗത ഐസിഎഫ് കോച്ചുകൾ ഒഴിവാക്കി എൽഎച്ച്ബിയിലേക്ക് മാറുന്നത്. രണ്ട് എസി ചെയർ കാർ, ഒൻപത് വീതം സെക്കൻഡ് സിറ്റിങ്, ജനറൽ സെക്കൻഡ് ക്ലാസ് കോച്ചുകളും ഒരു സെക്കൻഡ് ലഗേജ് കം ബ്രേക്ക് വാനും ഉൾപ്പെടുത്തിയുള്ളതാണ് പുതിയ ട്രെയിൻ.
എന്നാലിത് ജനറൽ യാത്രക്കാർക്ക് കനത്ത തിരിച്ചടിയാണ് നൽകിയിരിക്കുന്നത്. നിലവിൽ 16 ജനറൽ കോച്ച് ഉള്ളത് ഒമ്പതായി ചുരുങ്ങും. 105 സീറ്റ് വീതം 16 കോച്ചുകളിലായി 1680 സീറ്റാണ് നിലവിൽ ഉള്ളത്. എൽ. എച്ച്. ബി കോച്ചിൽ ഒൻപത് കോച്ചുകളിലായി ( 108 സീറ്റ് വീതം) 970 ജനറൽ സീറ്റാണ് ഉള്ളത്. 700 ഓളം സീറ്റ് ജനറൽ യാത്രക്കാർക്ക് കുറയും.
മൂന്ന് സിറ്റിങ് കോച്ചുകളിലായി 315 റിസർവ് സീറ്റുകളാണ് നിലവിലുണ്ടായിരുന്നത് എൽഎച്ച്ബി ആകുന്നതോടെ 970 റിസർവ് സീറ്റുകളായി മാറും. റിസർവേഷൻ ഡിമാൻഡ് കൂടുതലായതാണ് ജനറൽ കോച്ചുകൾ കുറച്ച് റിസർവ് സീറ്റുകളിലേക്ക് മാറ്റിയതെന്നാണ് റെയിൽവേ അധികൃതർ നൽകുന്ന വിശദീകരണം. സംസ്ഥാനത്ത് ഏറ്റവുംകൂടുതൽ ആളുകൾ യാത്ര ചെയ്യുന്ന ട്രെയിനുകളിലൊന്നാണ് പരശുറാം. നിലവിൽ 16 ജനറൽ കോച്ചുകളുള്ളപ്പോൾ തന്നെ വൻ തിരക്കാണ് ഈ ട്രെയിനിൽ.






























