ലഖ്നൗ: കനത്ത മഴയിൽ അജ്മീർ ദർഗ ശരീഫിന്റെ പരിസരത്തെ ഒരു കെട്ടിടത്തിന്റെ ഭാഗം തകർന്നു വീണു. ബുധനാഴ്ച പെയ്ത മഴയിലാണ് സംഭവം. ചോട്ടി ഉർസ് ഉത്സവം നടക്കുന്നതിനാൽ സന്ദർശകരുടെ തിരക്കായതിനാൽ ആളുകളുടെ സുരക്ഷയിൽ വലിയ ആശങ്കയുയർന്നിട്ടുണ്ട്. ബുധനാഴ്ച ഉച്ചക്ക് രണ്ടുമണിയോടെയാണ് സംഭവം. കനത്ത മഴയാണ് കെട്ടിടത്തിന്റെ തകർച്ചക്ക് ആക്കം കൂട്ടിയത്. കേന്ദ്രസർക്കാറിന്റെ അനാസ്ഥയാണ് ചരിത്രപ്രധാനമായ മതതീർഥാടന കേന്ദ്രത്തിന്റെ നാശത്തിലേക്ക് നയിച്ചതെന്ന് ദർഗ ഖാദിം കമ്മിറ്റി കുറ്റപ്പെടുത്തി. ദർഗ കമ്മിറ്റിയിലെ അഴിമതിയും കേന്ദ്രസർക്കാറിന്റെ അവഗണനയും കാരണം അജ്മീർ ദർഗ കെട്ടിടം നാശത്തിന്റെ വക്കിലാണെന്നും ആരോപണമുയർന്നു.
കൃത്യസമയത്ത് അറ്റകുറ്റപ്പണി നടത്തിയിരുന്നെങ്കിൽ കെട്ടിടത്തിന്റെ തകർച്ച ഒഴിവാക്കാൻ സാധിക്കുമായിരുന്നു എന്നാണ് ദർഗ അംജുമാൻ കമ്മിറ്റി സെക്രട്ടറി സയ്യിദ് സർവാർ ചിഷ്തി പറയുന്നത്. കമ്മിറ്റി അഴിമതിയിൽ മുങ്ങിയിരിക്കുകയാണെന്നും അദ്ദേഹം ആരോപിക്കുന്നു. ദർഗ കമ്മിറ്റിയുടെ പ്രധാന അഡ്മിനിസ്ട്രേറ്റീവ് ഓഫിസറായ നസീമിന്റെ സ്ഥാനം മൂന്ന് വർഷത്തോളം ഒഴിഞ്ഞുകിടക്കുകയായിരുന്നു. അടുത്തിടെയാണ് ആ പോസ്റ്റിലേക്ക് നിയമനം നടന്നത്. ഇന്നും ഒമ്പത് കമ്മിറ്റി അംഗങ്ങളുടെ സ്ഥാനങ്ങൾ ഒഴിഞ്ഞുകിടക്കുന്നുണ്ടെന്നും ചിഷ്തി ആരോപിച്ചു.