തിരുവനന്തപുരം : വിവാഹം, ശവസംസ്‌കാരം തുടങ്ങിയ പൊതുചടങ്ങുകളിൽ പങ്കെടുത്തവരിൽ ആർക്കെങ്കിലും കോവിഡ് ബാധിച്ചെന്നു കണ്ടെത്തിയാൽ പങ്കെടുത്ത മുഴുവൻപേരെയും പരിശോധിക്കും. മന്ത്രി വീണാ ജോർജിന്റെ അധ്യക്ഷതയിൽച്ചേർന്ന ആരോഗ്യവകുപ്പിന്റെ യോഗത്തിലാണ് തീരുമാനം. കോവിഡ് പരിശോധന പരമാവധി ഉയർത്തും. രോഗലക്ഷണങ്ങളുള്ളവരും സമ്പർക്കത്തിലുള്ളവരും നിർബന്ധമായും പരിശോധന നടത്തണം. സ്വയം ചികിത്സ പാടില്ല.
സെപ്റ്റംബർ അവസാനത്തോടെ 18 വയസ്സിന് മുകളിലുള്ള എല്ലാവർക്കും ആദ്യ ഡോസ് വാക്‌സിൻ നൽകും. സിറിഞ്ച് ക്ഷാമം പരിഹരിച്ചുവരുകയാണ്. 1.11 കോടി ഡോസ് വാക്‌സിൻ നൽകാമെന്ന് കേന്ദ്രം അറിയിച്ചിട്ടുണ്ട്. മരണനിരക്ക് കുറയ്ക്കാനുള്ള ഇടപെടലുകളുണ്ടാകണമെന്ന് ആരോഗ്യപ്രവർത്തകർക്ക് മന്ത്രി നിർദേശം നൽകി. വീടുകളിൽ സ്വയം നിരീക്ഷണത്തിൽ കഴിയുന്നവരിൽ രോഗം ഗുരുതരമായാൽ വിദഗ്‌ധ ചികിത്സ ഉറപ്പാക്കണം.
മൂന്നാം തരംഗം മുന്നിൽക്കണ്ട് ആശുപത്രികളിൽ സജ്ജമാക്കിക്കൊണ്ടിരിക്കുന്ന സംവിധാനങ്ങൾ യോഗം വിലയിരുത്തി. ആശുപത്രി കിടക്കകൾ, ഓക്‌സിജൻ സംവിധാനമുള്ള കിടക്കകൾ, ഐ.സി.യു.കൾ, വെന്റിലേറ്ററുകൾ എന്നിവ സജ്ജമാക്കിവരികയാണ്. പീഡിയാട്രിക് വാർഡുകളും ഐ.സി.യു.വും സജ്ജമാക്കി കുട്ടികളുടെ ചികിത്സയ്ക്ക് പ്രത്യേക പ്രാധാന്യം നൽകും. ഓക്‌സിജൻ ലഭ്യത ഉറപ്പുവരുത്തിയിട്ടുണ്ട്.