കോട്ടയം: പങ്കാളിയെ കൈമാറ്റം ചെയ്യല്‍ കേസിലെ പരാതിക്കാരിയെ ഭര്‍ത്താവ് വെട്ടിക്കൊന്ന സംഭവത്തിലെ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്. രാവിലെ ഒമ്പത് മണിക്കും പത്തരയ്ക്കുമിടയില്‍ കൊലപാതകം നടന്നിരിക്കാമെന്നാണ് പോലീസിന്റെ നിഗമനം. പങ്കാളിയെ കൈമാറ്റം ചെയ്ത കേസില്‍ പ്രതിയായ യുവതിയുടെ ഭര്‍ത്താവാണ് ആക്രമണത്തിന് പിന്നിലെന്നാണ് പെണ്‍കുട്ടിയുടെ വീട്ടുകാര്‍ ആരോപിക്കുന്നത്. ഇതുസംബന്ധിച്ച് പെണ്‍കുട്ടിയുടെ പിതാവ് പോലീസിന് മൊഴി നല്‍കുകയും ചെയ്തിട്ടുണ്ട്. സംഭവസമയത്ത് യുവതിയുടെ പിതാവും സഹോദരനും ജോലിക്കും മക്കള്‍ കളിക്കാനും പോയിരിക്കുകയായിരുന്നു. ഇവര്‍ മടങ്ങിവന്നപ്പോഴാണ് യുവതിയെ രക്തത്തില്‍ കുളിച്ചനിലയില്‍ കണ്ടെത്തിയത്.
കുട്ടികള്‍ പത്തരയ്ക്ക് വീട്ടിലെത്തുമ്പോഴാണ് അമ്മയെ വരാന്തയില്‍ രക്തത്തില്‍ കുളിച്ച നിലയില്‍ കാണുന്നത്. ഉടന്‍ തന്നെ അയല്‍വാസിയെ അറിയിച്ചു. ബഹളം കേട്ട് പരിസരത്തുണ്ടായിരുന്ന തൊഴിലുറപ്പ് തൊഴിലാളികളും സ്ഥലത്തെത്തി. ഭര്‍ത്താവാണ് തന്നെ ആക്രമിച്ചതെന്നാണ് യുവതി സംഭവം സ്ഥലത്തെത്തിയ ബന്ധുക്കളെ അറിയിച്ചത്. യുവതിക്ക് ഭര്‍ത്താവില്‍ നിന്നും നിരന്തര ഭീഷണി ഉണ്ടായിരുന്നുവെന്ന് സഹോദരങ്ങളും പോലീസിനെ അറിയിച്ചിട്ടുണ്ട്. നാല് സ്‌ക്വാഡുകളായി തിരിഞ്ഞ് ഒളിവില്‍ പോയ പ്രതിക്ക് വേണ്ടി തിരച്ചില്‍ തുടരുകയാണ്.