തളിപ്പറമ്പ് : സി.പി.എം തളിപ്പറമ്പ് നോര്‍ത്ത് ലോക്കല്‍ സമ്മേളനത്തില്‍ വിഭാഗീയത ആരോപിച്ച് ഇറങ്ങിപ്പോയ വിമത നേതാവ് കോമത്ത് മുരളീധരനും മകനുമുള്‍പ്പെടെ ആറുപേര്‍ക്കെതിരെ നോര്‍ത്ത് ലോക്കല്‍ കമ്മിറ്റി യോഗം അച്ചടക്കനടപടിക്ക് ശിപാര്‍ശ ചെയ്തതായി സൂചന. ഏരിയ സെക്രട്ടറി കെ.സന്തോഷ് ഉള്‍പ്പെടെ പങ്കെടുത്ത യോഗമാണ് അച്ചടക്കനടപടിക്ക് ശിപാര്‍ശ ചെയ്തത്. സി.പി.എം തളിപ്പറമ്പ് നോര്‍ത്ത് ലോക്കല്‍ സമ്മേളനത്തില്‍ സി.പി.എമ്മിനകത്ത് വിഭാഗീയത ആരോപിച്ചാണ് കോമത്ത് മുരളീധരന് ഇറങ്ങിപ്പോയിരുന്നത്. തുടര്‍ന്ന് പുല്ലായ്ക്കൊടി ചന്ദ്രനെ വീണ്ടും ലോക്കല്‍ സെക്രട്ടറിയായി തിരഞ്ഞെടുക്കുകയും ചെയ്തിരുന്നു.
സമ്മേളനത്തില്‍ ഒരുവിഭാഗത്തെ വെട്ടിനിരത്തിയെന്നാരോപിച്ച് ലോക്കല്‍ നേതൃത്വത്തിനെതിരെ മുരളീധരന് വിഭാഗക്കാര്‍ പരസ്യ പ്രതിഷേധവും പോസ്റ്റര്‍ പതിക്കലുമെല്ലാം നടത്തി. അതിന് പിന്നാലെയാണ് കോമത്ത് മുരളീധരന് ഉള്‍പ്പെടെയുള്ളവര്‍ക്ക് ലോക്കല്‍ നേതൃത്വം വിശദീകരണ നോട്ടീസ് നല്‍കിയത്. ബുധനാഴ്ച വൈകീട്ടായിരുന്നു മറുപടി നല്‍കാനുള്ള അവസാന സമയം. എന്നാല്‍, ഈ ആറുപേരും വിശദീകരണം നല്‍കിയില്ല. തുടര്‍ന്ന് ബുധനാഴ്ച രാത്രി നടന്ന ലോക്കല്‍ കമ്മിറ്റി യോഗത്തിലും ലോക്കല്‍ കമ്മിറ്റി അംഗമായ കോമത്ത് മുരളീധരന് പങ്കെടുത്തില്ല.
കൂടാതെ കഴിഞ്ഞ ദിവസം ഇവരുള്‍പ്പെടെ ചേര്‍ന്ന് മാന്ധംകുണ്ട് റസിഡന്‍സ് അസോസിയേഷന് എന്ന കൂട്ടായ്മയും രൂപവത്കരിച്ചിരുന്നു. ഇതോടെയാണ് കോമത്ത് മുരളീധരനും മകന് അമല്‍, പാര്‍ട്ടി അംഗങ്ങളായ കെ.എം വിജേഷ്, എം. വിജേഷ്, കെ. ബിജു, കെ.പി സച്ചിന് എന്നീ ആറ് പാര്‍ട്ടി മെംബര്‍മാര്‍ക്കെതിരെ ലോക്കല്‍ നേതൃത്വം, മേല്‍ഘടകത്തിന് നടപടിക്ക് ശിപാര്‍ശ ചെയ്തത്. രാജി സമര്‍പ്പിച്ച ബ്രാഞ്ച് സെക്രട്ടറിമാര്‍ക്കെതിരെ നടപടിക്ക് ശിപാര്ശയില്ലത്രെ.
ബുധനാഴ്ച വൈകീട്ട് സി.പി.എം തളിപ്പറമ്പ് ഏരിയ സെക്രട്ടറി കെ. സന്തോഷ് കോമത്ത് മുരളീധരനും മറ്റുള്ളവര്‍ക്കുമെതിരെ നടപടി സ്വീകരിക്കില്ലെന്ന് വാര്‍ത്താക്കുറിപ്പ് നല്‍കിയിരുന്നു. അതിന് പിന്നാലെ ചേര്‍ന്ന ലോക്കല്‍ കമ്മിറ്റി യോഗമാണ് നടപടിക്ക് ശിപാര്‍ശ ചെയ്തത്. സി.പി.എം തളിപ്പറമ്ബ് ഏരിയ സെക്രട്ടറി കെ. സന്തോഷ്, നോര്‍ത്ത് ലോക്കല്‍ സെക്രട്ടറി പുല്ലായ്ക്കൊടി ചന്ദ്രന് എന്നിവര്‍ പങ്കെടുത്ത ലോക്കല്‍ കമ്മിറ്റി യോഗമാണ് നടപടിക്ക് മേല്‍ഘടകത്തോട് ശിപാര്‍ശ ചെയ്തത്. അടുത്ത ദിവസം തന്നെ ഏരിയ കമ്മിറ്റി യോഗം ചേര്‍ന്ന് ഈ വിവരം ജില്ല കമ്മിറ്റിക്ക് റിപ്പോര്‍ട്ട് ചെയ്യുമെന്നാണ് അറിയുന്നത്.