ഇടുക്കി : പരുന്തുപാറ കയ്യേറ്റ ആരോപണങ്ങള്‍ വിവാദത്തിലേക്ക്. തെരഞ്ഞെടുപ്പ് മുന്നില്‍ കണ്ടുള്ള രാഷ്ട്രീയ നാടകങ്ങളില്‍ ബലിയാടാകുന്നത് സാധാരണക്കാരാണ്. ഭരണകക്ഷിയില്‍പ്പെട്ട സി.പി.എം – സി.പി.ഐ പോര് ഇവിടെ രൂക്ഷമാണ്. സി.പി.എമ്മിനെ ഒതുക്കാന്‍ സി.പി.ഐ റവന്യു വകുപ്പിനെ ഉപയോഗിച്ച് നിരോധനാജ്ഞ ഉള്‍പ്പെടെയുള്ള കടന്നകൈ പ്രയോഗിച്ചപ്പോള്‍ അതിനെ മറുവഴിയിലൂടെ നേരിടാനാണ് സി.പി.എം ശ്രമം. സത്യം തിരിച്ചറിഞ്ഞിട്ടും അറിഞ്ഞില്ലെന്നു നടിച്ചുകൊണ്ട് പ്രതിപക്ഷമായ കോണ്‍ഗ്രസും പരുന്തുപാറ വിഷയത്തില്‍ സാധാരണ ജനങ്ങളെ വേട്ടയാടുകയാണ്. നിത്യവൃത്തിക്കുവേണ്ടി പണിയെടുക്കുന്ന തൊഴിലാളികള്‍ക്ക് പണിയില്ല. വീടുപണി പാതിവഴിയില്‍ നിര്‍ത്തേണ്ടി വന്നവരും കടുത്ത ആശങ്കയിലാണ്. പത്തും പതിനഞ്ചും സെന്റ് സ്ഥലം വാങ്ങി വീട് പണിയുന്നവരാണ് ജില്ലാ കളക്ടര്‍ പ്രഖ്യാപിച്ച നിരോധനാജ്ഞ മൂലം വെട്ടിലായത്. ബാങ്കുകളില്‍ നിന്ന് ലോണെടുത്താണ് പലരും നിര്‍മ്മാണം ആരംഭിച്ചത്. രണ്ടുമാസത്തെ നിരോധനാജ്ഞ ഇവരെ വന്‍ സാമ്പത്തിക പ്രതിസന്ധിയിലേക്ക് നയിക്കുമെന്ന കാര്യത്തില്‍ സംശയമില്ല. നിര്‍മ്മാണ മേഖല പൂര്‍ണ്ണമായും സ്തംഭിച്ചുകഴിഞ്ഞു, ഒപ്പം ജില്ലാ കളക്ടറുടെ നടപടിയും വിവാദത്തിലായിക്കഴിഞ്ഞു.
മാധ്യമ വിലപേശലിലൂടെയാണ് പരുന്തുപാറ വിഷയം ഉയര്‍ന്നുവന്നതെന്ന് നാട്ടുകാര്‍ പറയുമ്പോള്‍ അത് വിശ്വസിക്കാതിരിക്കുവാന്‍ കഴിയുന്നില്ല. കയ്യേറ്റക്കാരെ തിരിച്ചറിഞ്ഞ സേട്ടന്മാര്‍ ചോദിച്ചത് മട്ടന്‍ ബിരിയാണിയാണ്. ഇത് നിഷേധിച്ചതോടെ കല്യാണ സദ്യക്ക് വെച്ചിരുന്ന ചോറില്‍ മുഴുവനും മണ്ണും ചെളിയും വാരിയിട്ട് മുഴുവന്‍ നാട്ടുകാരോടും പ്രതികാരം തീര്‍ക്കുകയായിരുന്നു ചില മാധ്യമങ്ങള്‍. മുക്കാലിയും ക്യാമറയും തൂക്കി പരുന്തുപാറയില്‍ കവാത്ത് നടത്തിയവര്‍ സത്യം വിളിച്ചുപറഞ്ഞില്ല. പകരം നിയമവും ചട്ടവും അവര്‍ തീരുമാനിച്ചു, വിധിയും അവര്‍ നടത്തി. ആരെയൊക്കെയോ രക്ഷിക്കുവാന്‍വേണ്ടി ഒരു നാട്ടുകാരെ മുഴുവന്‍ കള്ളന്മാരും കൊള്ളക്കാരുമാക്കി. എറിഞ്ഞ കല്ലിനു പിറകെ പോയി തിരിച്ചുപിടിക്കാനാണ് ഇപ്പോള്‍ ശ്രമിക്കുന്നതെങ്കിലും അത് കൈവിട്ടുപോയിക്കഴിഞ്ഞു. ഒപ്പം മാധ്യമ കച്ചവടത്തിന്റെ ദുര്‍ഗന്ധവും പരുന്തുപാറയില്‍ വ്യാപരിക്കുകയാണ്.
സര്‍ക്കാര്‍ ഹൈക്കോടതിയില്‍ നല്‍കിയ പട്ടികയില്‍ 37 പേരുണ്ട്. ഈ പട്ടികക്കു പിന്നിലുള്ള കരങ്ങളും സംശയനിഴലിലാണ്. പട്ടികയിലുള്ള ഭൂരിപക്ഷംപേരും കയ്യേറ്റക്കാരല്ല എന്ന് സ്ഥലവാസികള്‍ ആണയിട്ടു പറയുമ്പോള്‍ എവിടെയോ ചിലത് ചീഞ്ഞുനാറുന്നുണ്ടെന്ന് വ്യക്തമാണ്. പട്ടികയിലുള്ള 37 പേര്‍ക്കും നോട്ടീസ് നല്‍കുകയോ വിശദീകരണം ചോദിക്കുകയോ ഇവരുടെ കയ്യിലുള്ള രേഖകള്‍ പരിശോധിക്കുകയോ ചെയ്തിട്ടില്ല. ഒരു സുപ്രഭാതത്തില്‍ ഇവരെ കയ്യേറ്റക്കാരായി രേഖപ്പെടുത്തി പട്ടിക കോടതിയില്‍ നല്‍കുകയായിരുന്നുവെന്ന് പട്ടികയിലുള്ള “കയ്യേറ്റക്കാര്‍ ” പറയുന്നു. അതായത് ഒരു പ്രദേശത്തെ ജനങ്ങളെ ഒന്നാകെ ചാപ്പയടിച്ചു.
പട്ടയം നല്‍കിയത് സര്‍ക്കാര്‍, ആധാരം രജിസ്റ്റര്‍ ചെയ്തു തന്നത് സര്‍ക്കാര്‍, പോക്കുവരവ് നടത്തിക്കൊടുത്തതും സര്‍ക്കാര്‍, വസ്തുവിന്റെ സ്കെച്ചും പ്ലാനും നല്കിയതും സര്‍ക്കാര്‍, വര്‍ഷംതോറും കരം വാങ്ങിയതും സര്‍ക്കാര്‍, ബാധ്യതാ സര്‍ട്ടിഫിക്കറ്റും കൈവശാവകാശ സര്‍ട്ടിഫിക്കറ്റും നല്കിയതും സര്‍ക്കാരാണ്. എന്തിന്, കെട്ടിടം നിര്‍മ്മിക്കുവാന്‍ അപേക്ഷ കൊടുത്തപ്പോള്‍ സൈറ്റില്‍ വന്ന് പരിശോധിച്ച് കെട്ടിടം പണിയുവാന്‍ അനുവാദം നല്കിയതും സര്‍ക്കാര്‍…….ഇവിടെ ആരാണ് തെറ്റുകാര്‍….ആരാണ് കയ്യേറ്റക്കാര്‍. കയ്യേറ്റം നടത്തിയ വസ്തുവാണെന്ന് ആധാരം രജിസ്റ്റര്‍ ചെയ്തപ്പോഴും പോക്കുവരവ് നടത്തിയപ്പോഴും ബാധ്യതാ സര്‍ട്ടിഫിക്കറ്റ് നല്‍കിയപ്പോഴും കൈവശാവകാശം നല്‍കിയപ്പോഴും ഇവര്‍ അറിഞ്ഞില്ല. വീട് പണിയാന്‍ പെര്‍മിറ്റിന് അപേക്ഷ നല്‍കിയപ്പോഴും സര്‍ക്കാര്‍ ഉറക്കത്തിലായിരുന്നു, കുംഭകര്‍ണ്ണന്റെ ഉറക്കംപോലെ. ഒരുദിവസം ഞെട്ടിയുണര്‍ന്ന് ആരെയൊക്കെയോ കയ്യേറ്റക്കാരും കൊള്ളക്കാരുമായി ചിത്രീകരിക്കുകയാണ്.>>> തുടരും