ഇടുക്കി : പരുന്തുപാറയിലെ കയ്യേറ്റവുമായി ബന്ധപ്പെട്ട് ഇടുക്കി ജില്ലാ കളക്ടര്‍ പുറപ്പെടുവിച്ച നിരോധനാജ്ഞയും നിര്‍മ്മാണ നിരോധനവും ഏറെ ചര്‍ച്ചയാവുകയാണ്. പീരുമേട് വില്ലേജിലെ 534, മഞ്ചുമല വില്ലേജിലെ 441, വാഗമണ്‍ വില്ലേജിലെ 724, 813, 896 എന്നീ സര്‍വേ നമ്പറുകളില്‍ ഉള്‍പ്പെട്ട പ്രദേശത്താണ് മാര്‍ച്ച് 3 മുതല്‍ മേയ് 2 അര്‍ദ്ധരാത്രി വരെ ജില്ലാ കളക്ടര്‍ വി. വിഘ്നേശ്വരി നിരോധനാജ്ഞ പുറപ്പെടുവിച്ചത്. ഇവിടെയെല്ലാം വ്യാപക കയ്യേറ്റം നടന്നതായി റവന്യൂ വകുപ്പ് കൊടുത്ത റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് കളക്ടറുടെ നടപടി. എന്നാല്‍ ജില്ലാ കളക്ടറുടെ ഈ നടപടി ഇപ്പോള്‍ ചര്‍ച്ചയാകുകയാണ്.
കലാപങ്ങളും വര്‍ഗ്ഗീയ സംഘര്‍ഷങ്ങളും നടക്കുന്ന പ്രദേശങ്ങളില്‍പോലും രണ്ടുമാസക്കാലം നിരോധനാജ്ഞ പ്രഖ്യാപിക്കാറില്ല. എന്നാല്‍ ഭൂമി കയ്യേറ്റം നടന്നുവെന്ന് സംശയിക്കുന്ന പ്രദേശത്താണ് ഇപ്പോള്‍ 2 മാസം നിരോധനാജ്ഞ പ്രഖ്യാപിച്ചിട്ടുള്ളത്. ഈ പ്രദേശത്ത് നിലവില്‍ യാതൊരുവിധ സംഘര്‍ഷ സാധ്യതകളുമില്ല. ഏതാനും ചില വ്യക്തികള്‍ മാത്രമാണ് ആരോപണ വിധേയര്‍. ഇവരെ മുന്നില്‍ കണ്ടുകൊണ്ടാണ് ഒരു വലിയ പ്രദേശം മുഴുവന്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചത്. ഇതോടെ ഈ മേഖല സ്തംഭിച്ചിരിക്കുകയാണ്. നിയമപരമായി അനുമതിയുള്ള കെട്ടിടങ്ങള്‍പോലും പണിയുവാന്‍ കഴിയുന്നില്ല. നൂറുകണക്കിന് തൊഴിലാളികള്‍ രണ്ടുമാസക്കാലം പണിയില്ലാതെ പട്ടിണി കിടക്കേണ്ട സാഹചര്യമാണ് നിലവിലുള്ളത്. ഇവിടെയുള്ള ഭൂമിയുടെ രേഖകളും കെട്ടിട നിര്‍മ്മാണ അനുമതികളും പരിശോധിക്കുന്നതിനെ ആരും എതിര്‍ക്കുന്നില്ല. എന്നാല്‍ ഇത്തരമൊരു പരിശോധനയുടെ പേരില്‍ രണ്ടുമാസത്തെ നിരോധനാജ്ഞ പ്രഖ്യാപിച്ചതിനെ ആരും അംഗീകരിക്കുന്നില്ല. >>> തുടരും.