പത്തനംതിട്ട : പത്തനംതിട്ട നഗരസഭയുടെ അതിര്‍ത്തിയിലൂടെ കടന്നുപോകുന്ന പരുത്യാനിക്കൽ – കുമ്പൻപാറ – മുട്ടുമണ്‍ റോഡ് ആണിത്. ഒരുകിലോമീറ്ററില്‍ താഴെമാത്രം നീളമുള്ള ഈ വഴിയെ റോഡെന്ന് വിളിക്കാന്‍ കഴിയില്ല. 200 ലധികം വീട്ടുകാരുടെ ഏക ആശ്രയമാണ് പത്തനംതിട്ട നഗരരസഭയുടെ ഉടമസ്ഥതയിലുള്ള വഴി. 5 വര്‍ഷങ്ങള്‍ക്ക് മുമ്പാണ് ഈ റോഡില്‍ ടാര്‍ വീണിട്ടുള്ളത്. ഇന്ന് പൂര്‍ണ്ണമായി തകര്‍ന്നുകിടക്കുകയാണ് ഈ റോഡ്. വാഹനങ്ങള്‍ക്ക് ഇതുവഴി സഞ്ചരിക്കുവാന്‍ കഴിയില്ല. കാല്‍നട യാത്രപോലും ദുരിതമായെന്ന് നാട്ടുകാര്‍ പറയുന്നു.
റോഡിന്റെ ഒരുവശം മലയാലപ്പുഴ പഞ്ചായത്ത് പത്താം വാര്‍ഡും ഒരുവശം പത്തനംതിട്ട നഗരസഭ പതിനെട്ടാം വാര്‍ഡുമാണ്. റോഡിനു വേണ്ടി 10 ലക്ഷം രൂപ പത്തനംതിട്ട നഗരസഭ വകയിരുത്തിയിട്ടുണ്ട്. കോന്നി സ്വദേശിക്ക് കരാറും നല്‍കിയിട്ടുണ്ട്. മഴ ആയതിനാലാണ് റോഡ് ടാറിംഗ് നീണ്ടുപോയതെന്നും കാലാവസ്ഥ അനുകൂലമായാല്‍ അടുത്തയാഴ്ച റോഡ് ടാറിംഗ് ആരംഭിക്കുമെന്നും നഗരസഭാ കൌണ്‍സിലര്‍ സുജാ അജി പറഞ്ഞു.