കൊച്ചി: ഏപ്രില്‍ 28ന് ഗുരുവായൂര്‍-പുനലൂര്‍ പാസഞ്ചറില്‍ യുവതിയെ ആക്രമിച്ച് സ്വര്‍ണാഭരണം കവര്‍ന്ന കേസിലെ പ്രതി ബാബുക്കുട്ടന്റെ പ്രധാന സഹായി പിടിയില്‍. വര്‍ക്കല ചെമ്മരുതി മുട്ടപ്പലം ഒലിപ്പുവിള വീട്ടില്‍ സുരേഷാണ് (42) അറസ്റ്റിലായത്.
ഇയാളാണ് മോഷണമുതല്‍ വീതം വെക്കാനും ബാബുക്കുട്ടനെ ഒളിവില്‍ കഴിയാനും സഹായിച്ചതുമെന്ന് പോലീസ് പറഞ്ഞു. കേസില്‍ വെള്ളിയാഴ്ച അറസ്റ്റിലായ മുത്തുവിന്റെ (20) അച്ഛനാണ് ഇയാള്‍. മുത്തുവും വര്‍ക്കല സ്വദേശി പ്രദീപും ചേര്‍ന്നാണ് മോഷണമുതല്‍ വില്ക്കാന് സഹായിച്ചത്. ഇവരെ രണ്ടുപേരെയും വെള്ളിയാഴ്ച അറസ്റ്റ് ചെയ്തിരുന്നു.
സുരേഷിന്റെ പക്കല്‍നിന്ന് മുളന്തുരുത്തി സ്വദേശിനിയുടെ ബാഗ് കണ്ടെത്തിയതായി പോലീസ് വ്യക്തമാക്കി. പണയസ്വര്‍ണം തിരിച്ചെടുക്കാന്‍ സഹായിക്കുന്ന ചെമ്മരുതിയിലെ സ്ഥാപനത്തിലും മറ്റൊരാളുടെ വീട്ടിലുമാണ് മോഷണമുതല്‍ വിറ്റത്. മുത്തുവിനെയും പ്രദീപിനെയും ബൈക്കില്‍ എത്തിച്ച ആളെകൂടി പിടികൂടാനുണ്ട്. ഓടുന്ന ട്രെയിനില്‍ അക്രമത്തിനിരയായ മുളന്തുരുത്തി സ്വദേശിനിയുടെ ഒരുപവന് വീതമുള്ള മാലയും വളയുമാണ് മോഷ്ടിച്ചത്.