കരിപ്പൂര്‍: നിരവധി തവണ സമയം മാറ്റിയ വിമാനം ഒടുവില്‍ റദ്ദാക്കി. ഇതിനെത്തുടര്‍ന്ന് കോഴിക്കോട് വിമാനത്താവളത്തില്‍ യാത്രക്കാര്‍ പ്രതിഷേധിച്ചു. ശനിയാഴ്ച ദുബൈയിലേക്ക് സര്‍വിസ് നടത്തേണ്ടിയിരുന്ന സ്പൈസ് ജെറ്റിന്റെ വിമാനമാണ് നിരവധി തവണ സമയം മാറ്റിയതിന് ശേഷം റദ്ദാക്കിയത്. അതിനിടെ ഞായറാഴ്ചയിലെ ദുബൈ സര്‍വിസ് തിങ്കളാഴ്ചയിലേക്ക് പുനഃക്രമീകരിച്ചു.
ശനിയാഴ്ച പുലര്‍ച്ച 1.30ന് പുറപ്പെടുമെന്നാണ് ആദ്യം യാത്രക്കാരെ അറിയിച്ചത്. എന്നാല്‍ അത് യാത്രക്കാരെ മുന്‍കൂട്ടി അറിയിച്ച് സമയം മാറ്റി. വൈകിട്ട് 7.05ന് പുറപ്പെടുമെന്നായിരുന്നു അറിയിച്ചത്. ഈ വിമാനത്തില്‍ പുറപ്പെടാന്‍ എത്തിയ യാത്രക്കാരോടാണ് വിമാനം വീണ്ടും സമയം മാറ്റിയിട്ടുണ്ടെന്നും ഞായറാഴ്ച രാവിലെ എട്ടിനാണ് പുറപ്പെടുന്നതെന്നും അധികൃതര്‍ പറഞ്ഞത്. ഇതനുസരിച്ച് ഞായറാഴ്ച എത്തിയപ്പോള്‍ ആദ്യം രാവിലെ 11നും പിന്നീട് ഉച്ചക്കും പുറപ്പെടുമെന്ന് വിമാനകമ്പിനി അധികൃതര്‍ അറിയിച്ചു. ഒടുവില്‍ വൈകിട്ടാണ് വിമാനം റദ്ദായതായി അറിയിച്ചത്. ഇതോടെ യാത്ര മുടങ്ങിയവര്‍ വിമാനകമ്പിനിക്ക് മുന്നില്‍ പ്രതിഷേധിച്ചു.
സാങ്കേതിക തകരാറിനെ തുടര്‍ന്ന് വിമാനം ഡല്‍ഹിയിലാണെന്നാണ് യാത്രക്കാരെ അറിയിച്ചിരിക്കുന്നത്. വിവിധയിടങ്ങളില്‍നിന്ന് എത്തിയ 130ഓളം പേരുടെ യാത്രയാണ് മുടങ്ങിയത്. വിമാനം വൈകിയതിനെ തുടര്‍ന്ന് താമസ സൗകര്യമോ നഷ്ടപരിഹാരമോ മറ്റ് സൗകര്യങ്ങളോ ഏര്‍പ്പെടുത്തിയില്ലെന്ന് യാത്രക്കാര്‍ പറഞ്ഞു. ടിക്കറ്റ് എടുത്തവര്‍ കോവിഡ് ആര്‍.ടി.പി.സി.ആര്‍ പരിശോധന നടത്തിയിരുന്നു. യാത്ര മുടങ്ങിയതോടെ വീണ്ടും പരിശോധന നടത്തണം.