ബെംഗളൂരു: ഓപ്പറേഷൻ സിന്ദൂറിന്‍റെ പശ്ചാത്തലത്തില്‍ ബെംഗളൂരു – ദില്ലി വിമാനത്തിൽ നിന്ന് ബോർഡ് ചെയ്ത യാത്രക്കാരനെ തിരിച്ചിറക്കി. സുരക്ഷാ ഏജൻസികളുടെ നിർദേശപ്രകാരമാണ് യാത്രക്കാരനെ തിരിച്ച് ഇറക്കിയതെന്ന് എയർ ഇന്ത്യ അറിയിച്ചു. വൈകിട്ട് 6 മണിക്കുള്ള എയർ ഇന്ത്യ 2820 ഫ്ലൈറ്റിലാണ് സംഭവം. യാത്രക്കാരന്റെ പേരോ മറ്റ് വിവരങ്ങളോ എയർ ഇന്ത്യ പുറത്ത് വിട്ടിട്ടില്ല. എന്താണ് ഇയാളെ തിരിച്ച് ഇറക്കാൻ കാരണമെന്നും വ്യക്തമാക്കിയിട്ടില്ല. ബോർഡിങ് പൂർത്തിയായ ശേഷമാണ് യാത്രക്കാരനെ തിരിച്ച് ഇറക്കാൻ നിർദേശം കിട്ടിയത്. ബെംഗളൂരു അടക്കം രാജ്യത്തെ അന്താരാഷ്ട്ര വിമാനത്താവളങ്ങളിൽ സുരക്ഷ ശക്തമാക്കിയെന്ന് വിമാനത്താവള അധികൃതർ അറിയിച്ചു.
ഓപ്പറേഷൻ സിന്ദൂറിന് പിന്നാലെ സുരക്ഷാ, വ്യോമാതിർത്തി നിയന്ത്രണങ്ങളുടെ ഫലമായി അതിർത്തി മേഖലകളിലെ 15 വിമാനത്താവളങ്ങളാണ് അടച്ചത്. ജമ്മു കശ്മീർ മേഖലയിലെ അടക്കം പത്ത് വിമാനത്താവളങ്ങളാണ് സുരക്ഷാ മുൻകരുതലിന്‍റെ ഭാഗമായി അടച്ചത്. ശ്രീനഗർ, ജമ്മു, ധരംശാല, അമൃത്സർ, ലേ, ജോധ്പൂർ, ഭുജ്, ജാംനഗർ, ചണ്ഡിഗഡ്, രാജ്കോട്ട് തുടങ്ങിയ വിമാനത്താവളങ്ങളാണ് അടച്ചത്. പുതിയ സാഹചര്യത്തിൽ വിമാന കമ്പനികൾ വിമാനങ്ങൾ റദ്ദാക്കുന്നതിനൊപ്പം പുനഃക്രമീകരിക്കുകയും ചെയ്തിട്ടുണ്ട്. നിയന്ത്രണം ഏറ്റവും കൂടുതൽ ബാധിച്ചത് ഇൻഡിഗോ എയർലൈനാണ്. ഇൻഡിഗോ 165 വിമാന സർവീസുകൾ റദ്ദാക്കി. ‘വ്യോമപാതാ നിയന്ത്രണ അറിയിപ്പ് കാരണം, വിവിധ വിമാനത്താവളങ്ങളിൽ നിന്നുള്ള 165-ലധികം ഇൻഡിഗോ വിമാനങ്ങൾ മെയ് 10 വരെ റദ്ദാക്കിയതായി എയർലൈൻ വക്താവ് അറിയിച്ചു.