ന്യൂഡല്‍ഹി : അഫ്ഗാനിസ്താനില്‍ കുടുങ്ങിയ എല്ലാ ഇന്ത്യാക്കാരെയും ഒഴിപ്പിക്കുന്നതിനാണ് ഇന്ത്യ ഇപ്പോള്‍ മുന്‍ഗണന നല്‍കുന്നത്. ഒഴിപ്പിക്കല്‍ പൂര്‍ത്തിയായാല്‍, അഫ്ഗാനിസ്ഥാനിലേക്കുള്ള യാത്രാ വിമാന സര്‍വീസ് നിര്‍ത്തലാക്കാന്‍ കേന്ദ്രസര്‍ക്കാരിന്റെ ആലോചന. ഏകദേശം 15,000 ത്തോളം പേരാണ് അഫ്ഗാനിസ്ഥാന്‍ വിടാന്‍ സഹായം തേടിയിരിക്കുന്നത്. കഴിഞ്ഞ 48 മണിക്കൂറിനിടെ, പ്രധാനമന്ത്രി നരേന്ദ്ര മോദി, ജര്‍മന്‍ ചാന്‍സലര്‍ ഏഞ്ചല മെര്‍ക്കല്‍, റഷ്യന്‍ പ്രസിഡന്റ് വ്‌ളാഡിമിര്‍ പുടിന്‍ എന്നിവരുമായി രക്ഷാദൗത്യത്തിന്റെ ഏകോപനത്തിനായി സഹായം തേടിയിരുന്നു. ഇത്തരത്തിലുള്ള കൂടുതല്‍ ഉന്നതതല കോളുകള്‍ അടുത്ത ദിവസങ്ങളിലും ഉണ്ടാകും എന്നാണ് വിദേശകാര്യമന്ത്രി എസ്.ജയശങ്കര്‍ സര്‍വകക്ഷിയോഗത്തില്‍ അറിയിച്ചത്.
രക്ഷാദൗത്യം കഴിഞ്ഞാല്‍ പിന്നീട് കാബൂളിലേക്കുള്ള യാത്ര സുരക്ഷിതമായിരിക്കില്ലെന്നാണ് ഇന്ത്യ വിലയിരുത്തുന്നത്. കാണ്ഡഹാറില്‍ 1999 ല്‍ ഉണ്ടായ വിമാന റാഞ്ചല്‍ തന്നെയാണ് ഇതിനുള്ള കാരണം. അഫ്ഗാനിസ്താനില്‍ നിന്ന് സുരക്ഷ ഉറപ്പ് കിട്ടിയാല്‍ മാത്രമേ യാത്ര തുടരുന്നത് പരിഗണിക്കുകയുള്ളൂ. പാക്കിസ്ഥാനാണ് മറ്റൊരു ഭീഷണി. പാക്കിസ്ഥാന്‍ താലിബാനുമായി ചേര്‍ന്ന് ഇന്ത്യക്കെതിരെ നീങ്ങാന്‍ സാധ്യതയുണ്ട്. വിമാനം റാഞ്ചലിന് ഇനിയും ഒരു ശ്രമം ഉണ്ടായാല്‍ അത് യാത്രക്കാരുടെ ജീവന്‍ പണയംവെച്ചുള്ളതായിരിക്കും. പൗരന്മാരുടേയോ, വിമാനത്തിലെ ജീവനക്കാരുടേയോ ജീവന്‍ വെച്ച് കളിക്കാന്‍ ഇന്ത്യ തയ്യാറല്ലെന്നാണ് ഉന്നത വൃത്തങ്ങള്‍ നല്‍കുന്ന സൂചന.
നിലവില്‍ അഫ്ഗാനില്‍ നിന്ന് രാജ്യത്തെ പൗരന്മാരെ തിരിച്ചെത്തിക്കുന്ന ഓപ്പറേഷന്‍ ദേവീ ശക്തിയുടെ ഭാഗമായി ദിവസേന രണ്ട് വിമാനങ്ങളാണ് ഇന്ത്യ അഫ്ഗാനിലേക്ക് അയക്കുന്നത്. സുരക്ഷാ ഭീഷണി നിലനില്‍ക്കുന്നതിനാല്‍ രക്ഷാ ദൗത്യം പൂര്‍ത്തിയാക്കിയ ശേഷം അഫ്ഗാനില്‍ നിന്നുള്ളവര്‍ക്ക് യാത്ര ചെയ്യുന്നതിനായി അഫ്ഗാന്റെ അയല്‍രാജ്യങ്ങളിലേക്ക് സര്‍വീസ് നടത്തി അവിടെ നിന്നു ഇന്ത്യയിലേക്ക് യാത്രക്കാര്‍ക്ക് തിരിച്ചുവരാനുള്ള സൗകര്യം ഒരുക്കുന്നതും ഇന്ത്യയുടെ പരിഗണനയിലുണ്ട്. താലിബാന്‍ നിയന്ത്രണത്തിലായതോടെ അഫ്ഗാനിസ്ഥാന്‍ 90 കളുടെ മധ്യത്തിലെ സാഹചര്യത്തിലേക്ക് മടങ്ങുമോ എന്ന ആശങ്ക നിലനില്‍ക്കുന്നുണ്ട്.