ബെംഗളൂരു: പൊതുസ്ഥലത്ത് മുറുക്കിത്തുപ്പി വെട്ടിലായിയിരിക്കുകയാണ് യാത്രക്കാരന്‍. ഉത്തര കര്‍ണ്ണാടകയിലെ കുംത ബസ്റ്റാന്‍ഡ് പരിസരത്താണ് സംഭവം നടന്നത്. ബസ്സിലിരുന്ന ഒരു യാത്രക്കാരന്‍ ബസ്റ്റാന്‍ഡിന്റെ പ്ലാറ്റ് ഫോമിലേക്ക് മുറുക്കി തുപ്പിയതാണ് സഹയാത്രക്കാരെ ചൊടിപ്പിച്ചത്. കാര്‍വാറിലേക്കുള്ള ബസിലിരുന്ന യാത്രക്കാരനാണ് ഇങ്ങനെ ചെയ്തത്. പ്ലാറ്റ്‌ഫോമിലിരുന്ന യാത്രക്കാര്‍ ഇയാള്‍ക്കെതിരെ രംഗത്ത് വരികയായിരുന്നു. ഇതാണോ തുപ്പാനുള്ള സ്ഥലം എന്ന് അവരില്‍ പലരും അയാളോട് ചോദിച്ചു. എങ്ങനെയാണ് ഇത്രയും സംസ്‌കാരമില്ലാതെ പെരുമാറാന്‍ കഴിയുന്നതെന്നും ചില യാത്രക്കാര്‍ ചോദിച്ചു.
ഇയാള്‍ വൃത്തിക്കേടാക്കിയ സ്ഥലം ഇയാളെക്കൊണ്ട് തന്നെ വൃത്തിയാക്കിപ്പിക്കണം എന്ന നിര്‍ദ്ദേശവുമായി മറ്റൊരു കൂട്ടം യാത്രക്കാരും എത്തിയതോടെ സംഗതി വഷളായി. മുറുക്കി തുപ്പിയ യാത്രക്കാരന് എന്തെങ്കിലും പറയാന്‍ കഴിയുന്നതിന് മുമ്പേ യാത്രക്കാര്‍ അദ്ദേഹത്തിന് ചുറ്റും കൂടിയിരുന്നു. തുപ്പിയ സ്ഥലം വൃത്തിയാക്കാതെ പോകാന്‍ പറ്റില്ലെന്ന് ജനക്കൂട്ടം അയാളോട് പറയുകയും ചെയ്തു. മറ്റ് നിവൃത്തിയില്ലാതെ വന്നതോടെ യാത്രക്കാരുടെ നിര്‍ദ്ദേശം ഇദ്ദേഹത്തിന് അംഗീകരിക്കേണ്ടി വന്നു. ഒരു തുണി കഷ്ണവും വെള്ളവും കൊണ്ട് തുപ്പിയ സ്ഥലം അദ്ദേഹം തന്നെ വൃത്തിയാക്കുകയായിരുന്നു.