പത്തനംതിട്ട : ഗവിയിലേക്ക് പോകാന്‍ യാത്രക്കാരുടെ തിരക്ക്. ഇന്നലെ മാത്രം ഗവിയിലേക്ക് പോകാൻ എത്തിയത് 303 പേരായിരുന്നു. എന്നാല്‍ തിരക്കുള്ള ദിവസങ്ങളിൽ ഗവിക്ക് കെഎസ്ആർടിസി അധിക സർവീസ് നടത്താൻ വനം വകുപ്പിന്റെ അനുമതി കിട്ടുന്നതിന് സർക്കാർ തലത്തിൽ ക്രമീകരണങ്ങളില്ല. ഇത് മൂലം വലയുന്നത് ഗവിയിലേക്ക് പോകാന്‍ എത്തുന്ന വിദേശികളാണ്. ഗവിയിലേക്ക് പോകാന്‍ കൂടുതല്‍ യാത്രക്കാരും ആശ്രയിക്കുന്നത് കെ എസ് ആര്‍ ടി സിയെയാണ്. പ്രധാന സ്ഥലങ്ങളിൽ ബസ് നിർത്തി യാത്രക്കാർക്ക് കാഴ്ചകൾ കാണാൻ അവസരം നൽകുന്നതുകൊണ്ട് തന്നെ ഭൂരിഭാഗവും ഇഷ്ടപ്പെടുന്നത് കെ എസ് ആര്‍ ടി സി യാത്രയാണ്.
രാവിലെ 6നും ഉച്ചയ്ക്കു 12നും ഓരോ ബസാണ് പത്തനംതിട്ട നിന്നു ഗവി റൂട്ടിൽ ഉള്ളത്. ഏറ്റവും കൂടുതൽ തിരക്ക് രാവിലെയുള്ള ബസിലാണ്. കോഴിക്കോട്, തൃശൂർ, മലപ്പുറം, കണ്ണൂർ തുടങ്ങിയ സ്ഥലങ്ങളിൽ നിന്നാണ് ഇപ്പോൾ കൂടുതൽ പേരും എത്തുന്നത്. തിരക്കുള്ള ദിവസങ്ങളിൽ അധിക ബസ് ഓടിക്കാൻ അനുവാദം തേടി കെഎസ്ആർടിസി വനം വകുപ്പിനു കത്ത് നൽകിയിട്ട് ഒരു വർഷം കഴിഞ്ഞു. ഇതുവരെ അനുമതി ലഭിച്ചിട്ടില്ല. കെഎസ്ആർടിസിയുടെ ബജറ്റ് ടൂറിസം പദ്ധതിയിൽ ഉൾപ്പെടുത്തി അവധി ദിവസങ്ങളിൽ ഗവി യാത്രയ്ക്ക് അനുമതി നല്‍കിയില്ല. ഇതിനെക്കുറിച്ച് വലിയ പരാതിയാണ് ഇപ്പോള്‍ ഉയരുന്നത്. ഈ വിഷയത്തില്‍ വേണ്ട നിലപാടുകള്‍ അധികാരികള്‍ സ്വീകരിക്കണം എന്ന നിലാപാടിലാണ് ജനങ്ങള്‍.