കോന്നി : റബ്ബർ കൃഷിയിൽ മാത്രം ഒതുങ്ങാതെ കൃഷി വൈവിധ്യത്തിന്റെ പാത പിന്തുടരുകയാണ് തണ്ണിത്തോട് പ്ലാന്റേഷൻ എസ്റ്റേറ്റ്. പ്ലാന്റേഷൻ ഭൂമിയിൽ തണ്ണിത്തോട് തേക്കുതോട് റോഡരികിലെ കല്ലാറിന്റെ തീരത്ത് ഒരു ഹെക്റ്റർ സ്ഥലത്താണ് ഫാഷൻ ഫ്രൂട്ട് തോട്ടം ഒരുങ്ങുന്നത്. ഇതിനായി ഭൂമി ഒരുക്കി പൈപ്പ് സ്ഥാപിക്കുന്ന ജോലികളാണ് ഇപ്പോൾ പുരോഗമിക്കുന്നത്. ഇവിടെ കൃഷി ചെയ്യുന്നതിനായി കൊടുമൺ എസ്റ്റേറ്റിൽ നിന്നും എത്തിച്ച വിത്ത് പാകി കിളിർപ്പിച്ച രണ്ടായിരം തൈകളും തയ്യാറായിക്കഴിഞ്ഞു.
പദ്ധതിയുടെ ആദ്യ ഘട്ടമായി എസ്റ്റേറ്റ് ഓഫീസ് ഉൾപ്പെടുന്ന എ ഡിവിഷനിൽ തൈകൾ പടർത്തുന്നതിന് പന്തൽ തയ്യാറാക്കുന്ന ജോലികളാണ് ഇപ്പോൾ നടക്കുന്നത്. കുഴി എടുത്ത് പൈപ്പ് ഉറപ്പിച്ച് കമ്പി വലിച്ച് ഉറപ്പിച്ച ശേഷം തറ ഒരുക്കി തൈകൾ നട്ടുപിടിപ്പിക്കും. ഹെഡ്ഡ് ഓഫീസിൽ ടെണ്ടർ ചെയ്ത് പൈപ്പ് എത്തിക്കുന്നതോടെ കൂടുതൽ ഭാഗങ്ങളിലേക്ക് കൃഷി വ്യാപിപ്പിക്കും. വേനൽക്കാലത്ത് തോട്ടത്തിലേക്ക് ജലസേചന സൗകര്യം ഒരുക്കുന്നതിനായി എട്ട് ലക്ഷം രൂപയുടെ പദ്ധതി സർക്കാരിന് സമർപ്പിച്ചതായും എസ്റ്റേറ്റ് മാനേജർ ജോൺ തോമസ്സ് പറഞ്ഞു.