കോയമ്പത്തൂര്‍: പോക്‌സോ കേസിൽ പാസ്റ്റർ അറസ്റ്റിൽ. കോയമ്പത്തൂര്‍ കിങ്സ് ജനറേഷൻ ചര്‍ച്ച് പാസ്റ്ററായ ജോൺ ജെബരാജ് (37) ആണ് അറസ്റ്റിലായത്. പ്രായപൂർത്തിയാകാത്ത രണ്ട് കുട്ടികളെ ലൈംഗികമായി പീഡിപ്പിച്ച കേസിൽ ആണ് അറസ്റ്റ്. കേസെടുത്തതിന് പിന്നാലെ ഇയാൾ ഒളിവിൽ പോയിരുന്നു. സോഷ്യൽ മീഡിയയിൽ വലിയ ഫോളോവേഴ്‌സുള്ള ജെബരാജ് ന്യൂ ജൻ ആരാധന രീതികളിലൂടെ യുവാക്കൾക്കിടയിൽ ശ്രദ്ധേയനായിരുന്നു. മൂന്നാറിൽ നിന്നാണ് ഇയാളെ കസ്റ്റഡിയിലെടുത്തത്. നേരത്തെ കോയമ്പത്തൂർ സിറ്റി പോലീസ് ഇയാളെ കണ്ടെത്താൻ ഒന്നിലധികം സംഘങ്ങൾ രൂപീകരിച്ചിരുന്നു. ജെബരാജ് രാജ്യം വിടുന്നത് തടയാൻ ഒരു ലുക്കൗട്ട് നോട്ടീസും പുറപ്പെടുവിച്ചിരുന്നു.
പോക്‌സോ നിയമപ്രകാരമാണ് ജെബരാജിനെതിരെ കേസെടുത്തിരിക്കുന്നത്. ഗുരുതരമായ ലൈംഗികാതിക്രമവുമായി ബന്ധപ്പെട്ട വകുപ്പുകൾ ഇയാൾക്കെതിരെ ചുമത്തിയിട്ടുണ്ടെന്നും റിപ്പോർട്ടുകളുണ്ട്. 2024 മെയിലാണ് കേസിനാസ്പദമായ സംഭവം. കോയമ്പത്തൂരിലെ വീട്ടില്‍ നടന്ന പ്രാര്‍ത്ഥന ചടങ്ങിനെത്തിയ രണ്ടു പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികള്‍ക്കുനേരെ ആയിരുന്നു ആക്രമണം. ഇരകളിലൊരാൾ അടുത്തിടെ ഒരു ബന്ധുവിനോട് സംഭവത്തെക്കുറിച്ച് പറഞ്ഞു. തുടർന്ന് സെൻട്രൽ ഓൾ വിമൻ പോലീസ് സ്റ്റേഷനിൽ പരാതി നൽകുകയായിരുന്നു.