പത്തനംതിട്ട : കോവിഡ് നിയന്ത്രണങ്ങളിലും വിനോദ സഞ്ചാരത്തിന് തുഴയെറിഞ്ഞ് കുട്ടവഞ്ചി സവാരി. വനംവകുപ്പിന്റെ അടവി ഇക്കോ ടൂറിസം പദ്ധതിയുടെ ഭാഗമായ കല്ലാറ്റിലെ കുട്ടവഞ്ചി സവാരിക്ക് സഞ്ചാരികളുടെ വരവായി.
കോവിഡിന്റെ പശ്ചാത്തലത്തിൽ നിർത്തിവെച്ചിരുന്ന സവാരി നിയന്ത്രണങ്ങളിൽ ഇളവ് വന്നതോടെ 2 മാസം മുൻപാണ് പുനരാരംഭിച്ചത്. എന്നാൽ തുടക്കത്തിൽ കാര്യമായി സഞ്ചാരികൾ എത്തിയിരുന്നില്ല. എന്നാൽ ഇപ്പോൾ സവാരിക്കാരുടെ എണ്ണം ദിനംപ്രതി വർധിക്കുന്നുണ്ട്. കഴിഞ്ഞ ഞായറാഴ്ച അൻപതിലേറെ സവാരി നടന്നു.
കോവിഡ് മാനദണ്ഡങ്ങൾ കർശനമായി പാലിച്ചാണ് കുട്ടവഞ്ചി സവാരി കേന്ദ്രത്തിലേക്ക് സഞ്ചാരികളെ പ്രവേശിപ്പിക്കുന്നതും സവാരി നടത്തുന്നതും. രാവിലെ 8.30 മുതൽ 4.30 വരെയാണ് പ്രവർത്തനം. പരമാവധി 3 പേർക്ക് ഒരു കുട്ടവഞ്ചിയിൽ സവാരി നടത്തുന്നതിന് 500 രൂപയാണ് നിരക്ക്. സവാരിക്ക് എത്തുന്നവർക്ക് മാത്രമാണ് കേന്ദ്രത്തിലേക്ക് പ്രവേശനം.