അടൂർ: അടൂർ നഗരത്തില്‍ സാമൂഹ്യ വിരുദ്ധരുടെ ശല്യം രൂക്ഷമാകുന്നു. നാട്ടുകാർക്കും വ്യാപാരികൾക്കും ഒരുപോലെ ബുദ്ധിമുട്ടാണ് ഇതുമൂലം ഉണ്ടാകുന്നത്. സന്ധ്യമയങ്ങിയാൽ സ്വസ്ഥതയോടെയും സമാധാനത്തോടെയും ഒന്നിറങ്ങി നടക്കാൻ ആർക്കും സാധിക്കില്ല, അത്രയ്ക്ക് രൂക്ഷമാണ് ഇവിടുത്തെ സാമുഹ്യവിരുദ്ധരുടെ ശല്യം.
അടൂർ കെ.എസ്.ആർ.ടി.സി. ജങ്ഷൻ ഭാഗത്താണ് ശല്യം കൂടുതൽ. രാത്രിയുടെ മറപറ്റി കടവരാന്തകൾ മുഴുവൻ ഇവർ കൈയേറുകയാണ്. പലപ്പോഴും വഴിയാത്രക്കാരെ അക്രമിക്കുക പതിവാണെന്ന് നാട്ടുകാരും വ്യാപാരികളും പറയുന്നു. ഇവർ തമ്മിൽ നടക്കുന്ന ചെറിയ തർക്കങ്ങൾ പലപ്പോഴും വലിയ അടിപിടിയിൽ കലാശിക്കുന്നു.
രണ്ടാഴ്ച മുൻപ് രണ്ടുപേർ തമ്മിലുണ്ടായ സംഘടനത്തിൽ ഇരുവർക്കും തലയ്ക്ക് ഗുരുതര പരിക്കേറ്റിരുന്നു. കച്ചവട സ്ഥാപനങ്ങളുടെ പുറത്തുവെച്ചിരിക്കുന്ന ബോർഡുകൾ രാത്രികാലങ്ങളിൽ ഇളക്കിക്കൊണ്ടു പോകുക പതിവാണ്. കടകളുടെ മുൻപിൽ മലമൂത്ര വിസർജനം ചെയ്തു വെക്കുന്നതും സ്ഥിരമാണ്. പോലീസിന്റെ രാത്രികാല പരിശോധനകള്‍ കുറഞ്ഞതാണ് ഇത്തരം ശല്യം കൂടുവാന്‍ കാരണമെന്ന് വ്യാപാരികള്‍ പറയുന്നു.
കട വരാന്തകളിൽ കാണുന്നവരെല്ലാം അനാഥരോ ഭിക്ഷക്കാരോ അല്ല. മദ്യത്തിന്റേയും കഞ്ചാവിന്റേയും അമിത ഉപയോഗം മൂലം എന്തും ചെയ്യാൻ മടിയില്ലാത്ത ക്രിമിനലുകളാണ് ഇതില്‍ ചിലര്‍. ലോക്ഡൗൺ സമയത്ത് കടവരാന്തകളിൽ കിടക്കുന്ന ആളുകൾ വളരെ കുറവായിരുന്നു. അടൂർ ജനമൈത്രി പോലീസിന്റെ നേതൃത്വത്തിൽ വഴിയരികിൽ കിടന്നിരുന്ന കുറച്ചുപേരെ താത്‌കാലിക അഗതിമന്ദിരത്തിൽ സംരക്ഷിച്ചിരുന്നു. എന്നാല്‍ ലോക് ഡൗൺ ഇളവുവന്നതോടെ അഗതിമന്ദിരം നിർത്തി. ഇതോടെ വീണ്ടും ഇവർ നഗരത്തിലേക്ക് എത്തിത്തുടങ്ങി . ഇതാണ് ഇപ്പോൾ കൂടുതൽ തലവേദന സൃഷ്ടിച്ചിരിക്കുന്നത് .